
തൃശൂർ: മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ മാധവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാധവന്റെ മകൻ സമീർ എം. നായർ ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ഫെബ്രുവരി 20-ന് മുണ്ടൂരിലെ വീടിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചായിരുന്നു അപകടം.
അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി മകൻ സമീർ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്ക് ചിലരിൽ നിന്ന് ഭീഷണിയുണ്ടെന്ന് മാധവൻ മരിക്കുനതിന് മുൻപ് വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. അദ്ദേഹം പ്രസിഡന്റായിരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഒരു ജീവനക്കാരിയോട്, രാഷ്ട്രീയ ബന്ധമുള്ള ഒരു വ്യക്തി ഭീഷണി മുഴക്കിയതായും ഇത് പി.എ മാധവനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി മാധവൻ വിവിധ തരത്തിലുള്ള രാഷ്ട്രീയ ഭീഷണികൾ നേരിട്ടിരുന്നു. മണലൂർ മണ്ഡലത്തിന്റെ സംഘടനാ ചുമതലയുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സമയത്താണ് അപകടം സംഭവിക്കുന്നത്. രാഷ്ട്രീയമായ വിരോധം ഈ അപകടത്തിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ പരിശോധന വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മാധവനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതും പിന്നീട് മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയ വാഹനത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായി സംശയിക്കുന്നതായും, സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.