
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തിനെതിരെ ഭീഷണി കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിശ്ചിത സമയപരിധിക്കുള്ളിൽ നിലപാട് മാറ്റിയില്ലെങ്കിൽ ഇറാന്റെ നാഗരികത തന്നെ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. ലോകത്തിന്റെ സങ്കീർണ്ണമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രിയുണ്ടാകുമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
"ഒരു മുഴുവൻ നാഗരികതയും ഇന്ന് രാത്രി സമ്പൂർണമായും നശിച്ചുപോകും. ഒരിക്കലും തിരിച്ചുവരാൻ സാധിക്കാതെ. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കാൻ സാധ്യതയുണ്ട്. എങ്കിലും, ഇപ്പോൾ ഞങ്ങൾ പൂർണ്ണവും തികഞ്ഞതുമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്തരും ബുദ്ധിശാലികളും കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും വിജയിക്കുന്നിടത്ത്, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം," ട്രംപ് കുറിച്ചു.
"ലോകത്തിന്റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മളെ തേടിയെത്തും. 47 വർഷത്തെ കൊള്ള, അഴിമതി, മരണം എന്നിവയ്ക്ക് അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ," ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
മധ്യേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രംപിന്റെ പ്രസ്താവന ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇറാൻ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് നൽകിയ സമയപരിധിക്ക് ഏകദേശം 12 മണിക്കൂർ ശേഷിക്കെയാണ് ട്രംപിൻറെ മുന്നറിയിപ്പ് വരുന്നത്.
വെടിനിർത്തൽ അന്തിമമാക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് പറഞ്ഞെങ്കിലും ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച പുതിയ നിർദ്ദേശങ്ങൾ ഇറാൻ നിരസിച്ചിട്ടുണ്ട്.