Image

യുദ്ധം പൂർണമായി അവസാനിപ്പിക്കണം: താത്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ; അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ട്രംപ്

Published on 06 April, 2026
യുദ്ധം പൂർണമായി അവസാനിപ്പിക്കണം:  താത്കാലിക വെടിനിർത്തൽ നിർദേശം  തള്ളി ഇറാൻ; അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന്  ട്രംപ്

ടെഹ്‌റാൻ: പശ്ചിമേഷ്യന്‍ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന  റിപ്പോർട്ടുകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറല്ലെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന ‘വളരെ മോശമായ അനുഭവങ്ങൾ’ ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. 

ഇതേ സമയം യു.എസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരിച്ച   പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  വെടിനിര്‍ത്തല്‍കരാര്‍ തള്ളിയതിന് ഇറാന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന്  ഭീഷണിമുഴക്കി. 

യുദ്ധം ഉടന്‍ അവസാനിക്കും. ഇറാന് ആണവായുധങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായാണ് യുദ്ധമെന്നും ട്രംപ് പറഞ്ഞു.

ഇതേ സമയം അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുപോലുള്ള പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ വിസമ്മതിക്കുന്നത്   വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. പാകിസ്താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം നിലവിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, സമ്മർദ്ദങ്ങൾക്ക് വഴങ്ങി ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

താത്കാലിക വെടിനിർത്തലിന് ടെഹ്റാൻ തയാറല്ലെന്നും യുദ്ധത്തിന് പൂർണമായി അന്ത‍്യം ആവശ‍്യമാണെന്നുമാണ് ഇറാൻ ആവശ‍്യപ്പെട്ടിരിക്കുന്നത്.

വെടിനിർത്തലിനു വേണ്ടി ഹൊർമുസ് തുറക്കില്ലെന്നും ഇറാൻ വ‍്യക്തമാക്കി. ലെബനനിലും ഗാസയിലും സംഘർഷം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഹൊർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയന്ത്രണം അംഗീകരിക്കണമെന്നും ഇറാൻ ആവശ‍്യപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ നിബന്ധന വച്ചിട്ടുണ്ട്.

 ആഗോള ഊർജ്ജ വിപണിയെ ദോഷകരമായി ബാധിക്കുമ്പോഴും ഇസ്രയേലും അമേരിക്കയും സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത് പ്രതിസന്ധി സങ്കീർണമാക്കുന്നുണ്ട്.

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക