
ആലപ്പുഴ: പിണറായി വിജയന്റെയോ എ വിജയരാഘവന്റെയോ വീട്ടില്‍ രക്ഷസാക്ഷികള്‍ ഉണ്ടോയെന്ന് ജി സുധാകരന്‍. എം വി ഗോവിന്ദന്റെ വീട്ടിലുണ്ടോ?. തന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സിപിഎമ്മാണെന്നും സുധാകരന്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.
കോളജ് കലാപകലുഷിതമായിരുന്നപ്പോള്‍ കോളജില്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞതാണ്. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ പോയി. പാര്‍ട്ടി പ്രസിഡന്റ് മുന്‍ എംഎല്‍എയായ പി കെ കുമാരന്‍ ആണ്. വേഗം കോളജില്‍ പോകാനാണ് അവര്‍ ആവശ്യപ്പെട്ടത്. എസ്എഫ്‌ഐ ഗുണ്ടകളാണ് കൊല്ലാന്‍ സാഹചര്യം ഉണ്ടാക്കിയത്.
അക്രമികളായ എസ്എഫ്‌ഐക്കാര്‍ ഓടി അവന്റെ മുറിയില്‍ പോയി കയറി. പിന്നാലെ അടി കൊണ്ട കെഎസ് യുക്കാര്‍ വന്നു. എസ്എഫ്‌ഐക്കാര്‍ ഭുവനേശ്വരനെ അവിടെ ഉപേക്ഷിച്ച് ജനാല തുറന്ന് പൈപ്പു വഴി രക്ഷപ്പെട്ടു. ഇവര്‍ ഓടി അവന്റെ മുറിയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ അങ്ങനെയൊരു കൊലപാതകം നടക്കില്ലായിരുന്നു. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് പന്തളത്തെ സിപിഎം നേതാക്കന്മാരാണെന്നും ജി സുധാകരന്‍ പറഞ്ഞു.
പന്തളം എൻഎസ്എസ് കോളേജിൽ ബി.എ. എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. കെഎസ്‌യു–ഡിഎസ്‌യു പ്രവർത്തകർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി കൊലപ്പെടുത്തിയെന്നായിരുന്നു സുധാകരൻ നേരത്തേ പറഞ്ഞത്.
ഇതിനിടെ പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.