
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ നിർദേശം സമർപ്പിച്ചതായി റിപ്പോർട്ടുകൾ. 45 ദിവസത്തെ വെടിനിർത്തലിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരട് നിർദേശമാണ് ഇറാനും അമേരിക്കക്കും മുന്നിലെത്തിയിരിക്കുന്നത്. ഈജിപ്ത്, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്ന് ചർച്ചകളെക്കുറിച്ച് അറിവുള്ള നാല് യുഎസ്, ഇസ്രായേൽ, പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് ആക്സിയോസ് ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കൂടാതെ, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും സ്രോതസ്സുകൾ ആക്സിയോസിനോട് പറഞ്ഞു.
45 ദിവസത്തെ സാവകാശം നൽകുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ സ്ഥിരമായ വെടിനിർത്തലിനുള്ള ചർച്ചകൾക്ക് കളമൊരുങ്ങുമെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിക്കും അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനും നിർദേശം കൈമാറിയെങ്കിലും ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്റയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് ഇൻ്റലിജൻസ് മേധാവി മേജർ ജനറൽ മജിദ് ഖാദമി കൊല്ലപ്പെട്ടു. ഖാദമി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും ഇസ്റയേൽ സൈന്യവും സ്ഥിരീകരിച്ചു.