Image

രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്

Published on 06 April, 2026
രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം സജീവമാക്കി. നിലവിലുള്ള ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സംഭവത്തെക്കുറിച്ച് ഷൂട്ടിംഗ് സെറ്റിലുള്ള ചിലർക്ക് അറിവുണ്ടായിരുന്നുവെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വർ വ്യക്തമാക്കി.

അതിജീവിതയുടെ പേര് പ്രശസ്തിക്കായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഇതിനകം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും. കേസിൽ നടൻ ബോബി കുര്യൻ, സഹസംവിധായക ശാലിനി എന്നിവരെ ഉടൻ തന്നെ ചോദ്യം ചെയ്യും.

അതിജീവിത പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ലെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. സംഭവത്തിന് ശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. അതേസമയം, കേസിൽ നിർണ്ണായകമാകേണ്ട കാരവന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് പോലീസ് കണ്ടെത്തി. സിസിടിവിക്ക് ബാക്കപ്പ് ഇല്ലാത്തതാണ് ഇതിന് കാരണം.

നേരത്തെ, എറണാകുളം സിജെഎം കോടതി രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും ഇന്നു വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. നിർമ്മാതാവ് വാടകയ്ക്ക് എടുത്ത ഈ കാരവനുകളിൽ വച്ചാണ് അതിക്രമം നടന്നതെന്നാണ് പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക