
കൊച്ചി: എൽഡിഎഫിൻ്റെ പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങളെല്ലാം നുണകളുടെ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്ന 328 പേജ് 24 പേജായി കുറഞ്ഞു. പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്. അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പണിതെന്നു പറയുന്നതെന്നും സതീശൻ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 443000 വീടുകള്‍ പൂര്‍ത്തിയാക്കുകയും അന്‍പതിനായിരം വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ആ അന്‍പതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തില്‍ ഉള്‍പ്പെടുത്തി. യഥാർഥത്തില്‍ ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്. പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും 2500 രൂപയാക്കുമെന്നതായിരുന്നു 2021 ലെ എല്‍ഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. ഇവര്‍ പറഞ്ഞ 2500 രൂപ എവിടെ പോയി. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 1600 രൂപ 2500 രൂപയാക്കാമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്നവര്‍ നാലേമുക്കാല്‍ വര്‍ഷവും ഒരു ചില്ലിക്കാശ് പോലും കൂട്ടാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 2000 ആക്കി. അപ്പോഴും 2500 ആക്കിയില്ല.
റബറിന് 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ഹൃദ്യവും ആശ്വാസകിരണവും ഇല്ലാതായി. ആരോഗ്യരംഗത്ത് നേരത്തെയുണ്ടായിരുന്ന പദ്ധതികള്‍ പോലും ഇല്ലാതാക്കി ആരോഗ്യരംഗത്തെ വെൻ്റിലേറ്ററിലാക്കി.
മത്സ്യ തൊഴിലാളികളെ സംരക്ഷിച്ചെന്നതാണ് അടുത്ത അവകാശവാദം. ഉമ്മന്‍ ചണ്ടി സര്‍ക്കാരിൻ്റെ കാലത്ത് മണ്ണെണ്ണയ്ക്ക് 40 രൂപ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്‌സിഡി നല്‍കി. ഇപ്പോള്‍ മാര്‍ക്കറ്റ് വില 110 രൂപയായിട്ടും ഒരു രൂപ സബ്‌സിഡി കൂട്ടിയില്ലെന്നു മാത്രമല്ല 25 രൂപ പോലും നല്‍കുന്നില്ല. മത്സ്യത്തൊഴിലാളി മേഖലയ്ക്ക് പന്തീരായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് അവരെ കബളിപ്പിച്ചു.
ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയിലെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത്? പട്ടയ പ്രശ്‌നങ്ങളെല്ലാം പഴയതു പോലെ നിലനില്‍ക്കുകയാണ്. സിഎച്ച്ആര്‍ വിഷയവും പട്ടയ കേസും കോടതിയില്‍ നിലനിക്കുകയാണ്. സിഎച്ച്ആര്‍ പോലും വനഭൂമിയാക്കി മാറ്റിയിട്ട് ഡീ നോട്ടിഫൈ ചെയ്യുമെന്ന് പറഞ്ഞ വാക്കും പാലിച്ചില്ല. കുത്തക പാട്ടവും നല്‍കുന്നില്ല. വ്യാപകമായ ഭൂ പ്രശ്‌നങ്ങള്‍ ഇടുക്കിയില്‍ നിലനില്‍ക്കുമ്പോഴാണ് പ്രോഗ്രസ് കാര്‍ഡില്‍ എല്ലാ പരിഹരിച്ചെന്ന നുണ എഴുതി വച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് അവരാണെന്നതാണ് മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ മുഴുവന്‍ അനുമതികളും വാങ്ങി സ്ഥലം ഏറ്റെടുത്ത്, കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൗണ്ട് ഡൗണ്‍ ആരംഭിച്ചതാണ്. അന്ന് വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ പിണറായി വിജയന് നാണമില്ലേ? കടല്‍ക്കൊള്ളയെന്ന് ദേശാഭിമാനി വിശേഷിപ്പിച്ച പദ്ധതിയാണ് സ്വന്തം നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.