
തടിയന്‍റെ മോൾ മലയിൽ നാലു ദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വാക്കുകളിൽ സംശയം പ്രകടിപ്പിച്ച് പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ. ശരണ്യയുടേത് അതിജീവിക്കാൻ ശ്രമിച്ച ആളുടെ മാനസികാവസ്ഥയല്ലെന്നും മാധ്യമങ്ങളോട് ശരണ്യ പറഞ്ഞ കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇരുട്ടിത്തുടങ്ങുന്നതോടെ കാടിന്‍റെ ഭാവം മാറും, പിന്നെ ഭീകരതയാണ്. എത്ര പേടിയില്ലാത്തവരും പേടിക്കും. ശബ്ദം വച്ചോ ഏതെങ്കിലും വഴിയെ നടന്നോ ആളുള്ളിടം കണ്ടെത്താൻ എന്തായാലും ശ്രമിക്കും. പക്ഷേ ശരണ്യയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല. ഒരിക്കൽ പാങ്ങോട്ട് പക്ഷി സങ്കേതത്തില്‍ വഴി തെറ്റി നാലു മണിക്കൂര്‍ പെട്ടുപോയിട്ടുണ്ട്, ആ ഭികരത തനിക്കറിയാമെന്നും ഷെയ്ഖ് ഹസൻ പറയുന്നു.
കാലുവേദനയാതിനാല്‍ അവിടെ വിശ്രമിച്ചു എന്നാണ് ശരണ്യ പറയുന്നത്. ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്. ഒരുപാട് മൃഗങ്ങളുണ്ട്. ഡ്രോണ്‍ നോക്കി രണ്ടാം ദിവസവും അവിടെ താമസിച്ചു. മൂന്നാം ദിവസം പോകാന്‍ ശ്രമിച്ചപ്പോള്‍ മഴ പെയ്തു. അതിജീവിക്കാന്‍ ശ്രമിക്കുന്നൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടെത്. ഭക്ഷണമില്ലാതെ മൂന്ന് ദിവസം കാട്ടിൽ കഴിഞ്ഞ ഒരാളുടെ ക്ഷീണമോ അവശതയോ ശരണ്യക്കില്ല. പറയുന്നതിനെ ബന്ധപ്പെടുത്താന്‍ സാധിക്കാത്ത എന്തൊക്കെയോ കാര്യങ്ങളുണ്ട്. കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാണെന്ന് കരുതരുതെന്നും ഷെയ്ഖ് ഹസൻ പറയുന്നു.
ശരണ്യയുടെ വാക്കുകളില്‍ ശാസ്ത്രലേഖകന്‍ വിജയകുമാര്‍ ബ്ലാത്തൂരും സംശയം പ്രകടിപ്പിച്ചു. നേരത്തെ തടിയന്‍റെമോൾ മലകൾ സന്ദർശിച്ച ചിത്രം സഹിതമാണ് അദ്ദേഹം പങ്കുവച്ചത്. അവടെ എങ്ങനെയാണ് വഴിതെറ്റുന്നതെന്ന് മനസിലാവുന്നില്ലെന്നെന്നും എന്തൊക്കയോ രഹസ്യങ്ങളുണ്ടെന്നും വിജയകുമാർ പറയുന്നു. അതെന്താണെന്ന് ശരണ്യ പറയും വരെ കാത്തിരിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.
ഒരു രാത്രി കാട്ടിൽ കുടുങ്ങുന്നത് മനസിലാക്കാം. എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റർ നടന്നാൽ പുറത്ത് കടക്കാം. ഇത്രയും ആരോഗ്യമുള്ള അവർക്ക് അവിടെ നിന്ന് വഴി കണ്ടെത്താൻ ഇത്ര ദിവസം വേണ്ട, മൂന്നു ദിവസം കാട്ടിൽ നിന്നതിൽ എന്തോ പന്തികേടുണ്ടെന്നുമാണ് വിജയകുമാർ പറയുന്നത്.