
യുദ്ധം തീർക്കാൻ മധ്യസ്ഥർ തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ പരിശോധിച്ചു വരികയാണെന്നു ഇറാൻ തിങ്കളാഴ്ച്ച വ്യക്തമാക്കി. എന്നാൽ യുഎസും ഇസ്രയേലും ആക്രമണം തുടരുമ്പോൾ നേരിട്ടുള്ള ചർച്ചയ്ക്കു തയാറില്ലെന്നു അവർ പറഞ്ഞു.
പാക്കിസ്ഥാൻ, തുർക്കി, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മധ്യസ്ഥർ രണ്ടു ഘട്ട നിർദേശങ്ങളാണ് സമർപ്പിച്ചതെന്നു അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പറഞ്ഞു. ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ നടപ്പാക്കണം. പിന്നീടുള്ള കാര്യങ്ങൾ തുടർന്നു ചർച്ച ചെയ്യും.
ഭീഷണിപ്പെടുത്തി ചർച്ചയിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കേണ്ട എന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്‌മായിൽ ബാഗി പറഞ്ഞു. ചർച്ച നടക്കുമ്പോഴും സ്വന്തം പ്രതിരോധത്തിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് മുന്നോട്ടു വച്ച 15 ആവശ്യങ്ങൾ അമിതവും അസാധാരണവും അന്യായവുമാണ്.
അതേ സമയം, യുദ്ധം ഉടൻ നിർത്തി ചർച്ചകൾ ആരംഭിക്കണമെന്നു റഷ്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാർ പറഞ്ഞു. ഹോർമുസ് തുറക്കുന്നതിനു മുന്നോടിയായി വെടിനിർത്തൽ നടപ്പാക്കിയേ തീരൂ.
കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടു
ഞായറാഴ്ച്ച രാത്രി ഇറാനിൽ യുഎസും ഇസ്രയേലും ചേർന്നു നടത്തിയ ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. മരിച്ച കുട്ടികളിൽ നാലു പേർ 10 വയസിന് താഴെയുള്ള പെൺകുട്ടികളാണ്.
കുവൈറ്റിൽ ആക്രമണം
കുവൈറ്റിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയനിൽ ഇറാൻ ആക്രമണം നടത്തിയതായി കുവൈറ്റ് സേന അറിയിച്ചു. യുഎസ് സൈനികർ താവളമാക്കിയിരുന്ന ദ്വീപാണിത്. അവർ നേരത്തെ അറോഫ്ജാൻ ക്യാമ്പിലേക്ക് മാറിയെങ്കിലും അവരുടെ സാറ്റലൈറ്റ് ഉപകരണങ്ങളും ആയുധങ്ങളും അവിടെ ഉണ്ടായിരുന്നു.
കുവൈറ്റിലെ കടൽ വെള്ളം കുടിവെള്ളമാക്കുന്ന പ്ലാന്റുകളും ഇറാൻ ആക്രമിച്ചു. 85% വരെ ഈ പ്ലാന്റുകളാണ് രാജ്യത്തിൻറെ കുടിവെള്ള സ്രോതസ്.
ബഹ്‌റൈനിൽ ഒരു എണ്ണ കേന്ദ്രം ആക്രമിക്കപ്പെട്ടു.
യു എ ഇയിൽ എണ്ണ സംഭരണിയുള്ള ഫുജൈറ ആക്രമിക്കപ്പെട്ടു.
ദുബായ് ഉടമയിലുള്ള ദു ടെലികോം കമ്പനിക്കു നേരെയും ആക്രമണം ഉണ്ടായി.
Iran looking at peace proposals