Image

ട്രംപ് ഉയർത്തുന്ന ഭീഷണികൾ യുദ്ധക്കുറ്റമാകുമെന്നു ചൂണ്ടിക്കാട്ടി വിമർശകർ (പിപിഎം)

Published on 06 April, 2026
ട്രംപ് ഉയർത്തുന്ന ഭീഷണികൾ യുദ്ധക്കുറ്റമാകുമെന്നു ചൂണ്ടിക്കാട്ടി വിമർശകർ (പിപിഎം)

ഇറാന്റെ സിവിലിയൻ സൗകര്യങ്ങൾ അടിച്ചു തകർക്കുമെന്ന അശ്ളീലം നിറഞ്ഞ ഭീഷണി ഉയർത്തിയ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെതിരെ കടുത്ത വിമർശനം. സിവിലിയൻ സൗകര്യങ്ങൾ നശിപ്പിക്കുന്നത് യുദ്ധക്കുറ്റമാണെന്നു വിമർശകർ ചൂണ്ടിക്കാട്ടി. 

ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അതു പറയുമ്പോൾ പച്ചത്തെറി ഉപയോഗിക്കയും അല്ലാഹുവിനെ നിന്ദിക്കയും ചെയ്തിട്ടുണ്ട്. ഇറാന്റെ ഏറ്റവും വലിയ പാലം കഴിഞ്ഞ ദിവസം തകർത്തിരുന്നു.

നിയമത്തിന്റെ പരിധിയിൽ നിന്നു മാത്രമേ പ്രവർത്തിക്കൂ എന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയപ്പോൾ ട്രംപിന്റെ ഭീഷണി നടപ്പാക്കിയാൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെടുമെന്നു നിയമവിദഗ്ദ്ധർ പറഞ്ഞു. പവർ പ്ലാന്റുകളും പാലങ്ങളും ജനജീവിതത്തിൽ അടിസ്ഥാന സൗകര്യങ്ങളാണ്.

ട്രംപിന്റെ ഭീഷണി പൂർണമായും നിയന്ത്രണം വിട്ടുള്ളതാണെന്നു സെനറ്റർ ക്രിസ് മർഫി (ഡെമോക്രാറ്റ്) പറഞ്ഞു. റിപ്പബ്ലിക്കൻ റെപ്. ഡോൺ ബേക്കൺ പറഞ്ഞു: "പ്രസിഡന്റ് അശ്ലീലം പറയുന്നതു അമേരിക്കൻ ജനതയ്ക്കു കേൾക്കാൻ ആഗ്രഹമുള്ളതല്ല. ആത്മനിയന്ത്രണം നേതൃത്വ സവിശേഷതയുടെ ഭാഗമാണ്."

യുഎസിനെ ഭരണകൂടം യാതൊരു വ്യക്തമായ പദ്ധതിയും ഇല്ലാതെയാണ് യുദ്ധത്തിലേക്കു തള്ളി വിട്ടതെന്നു ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു.

ട്രംപിനു ഭ്രാന്താണെന്നു ടെയ്‌ലർ ഗ്രീൻ

ട്രംപുമായി പിണങ്ങിപ്പിരിഞ്ഞ മുൻ ഹൗസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ അദ്ദേഹത്തെ ഭ്രാന്തനെന്നു ആക്ഷേപിച്ചു. "അദ്ദേഹം ക്രിസ്ത്യാനി അല്ല," അവർ പറഞ്ഞു. "ഇത്തരമൊരു പ്രസിഡന്റിനെ ആരാധിക്കുന്ന എല്ലാവരും മുട്ടുകുത്തി നിന്നു അതിനു ദൈവത്തോടു മാപ്പു ചോദിക്കണം. അദ്ദേഹവും ആരാധകരും ഒന്നു പോലെ ഭ്രാന്തന്മാരായി, എല്ലാറ്റിലും പങ്കാളികളുമായി."

ഇറാനു നഷ്ടപരിഹാരം കിട്ടുന്നതു വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നു ഇറാൻ പറഞ്ഞു.

Trump threats on Iran draw backlash, legal concerns

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക