
ഇറാൻ യുദ്ധതന്ത്രവും അതു നടപ്പാക്കുന്ന രീതിയും യുഎസിൽ വർധിച്ച ആശങ്ക ഉളവാക്കുന്നുവെന്നു പുറത്തു വരുന്ന പ്രതികരണങ്ങളിൽ വ്യക്തമാവുന്നു. യുദ്ധത്തിന്റെ ന്യായവും ധാർമികതയും ചോദ്യം ചെയ്താണ് മത നേതാക്കൾ സംസാരിക്കുന്നതെങ്കിൽ രാജ്യത്തു ജനങ്ങൾക്ക് അതുണ്ടാക്കുന്ന കഷ്ടതകൾ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
യുഎസ് സേനയിലെ കത്തോലിക്ക ചാപ്ളിൻമാരുടെ മേൽനോട്ടം വഹിക്കുന്ന ആർച്ച്ബിഷപ് തിമോത്തി ബ്രോഗ്ലിയോ ഈ യുദ്ധം ന്യായമല്ലെന്നു ചൂണ്ടിക്കാട്ടി. ഭീഷണി ഉണ്ടെന്നു തെളിയുന്നതിനു മുൻപേ തന്നെ ഭീഷണിയെ നേരിടുന്ന രീതിയാണ് കാണുന്നതെന്നു സി ബി എസ് ടെലിവിഷനിൽ അദ്ദേഹം പറഞ്ഞു.
നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. "മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നുണ്ട്, നമ്മുടെ സൈന്യത്തിൽ ഉൾപ്പെടെ. നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് എനിക്കു പറയാനുള്ളത്."
ഈ യുദ്ധം ദൈവം നിശ്ചയിച്ചതാണ് എന്ന വാദം ആർച്ച്ബിഷപ് തള്ളി. സൈനികരുടെ മനസ്സിൽ ഉണ്ടാവുന്ന ധാർമികമായ മുറിവുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ന്യായമായ യുദ്ധത്തിൽ പോലും അത്തരം മുറിവുകൾ ഹൃദയത്തിലോ ആത്മാവിലോ ഉണ്ടാവാം.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
യുദ്ധം മൂലം അമേരിക്ക ജനത അനുഭവിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചാണ് മെരിലാൻഡ് ഗവർണർ വെസ് മൂർ സംസാരിച്ചത്. എനർജി വിലകൾ കുതിച്ചുയർന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "അനാവശ്യമായ യുദ്ധം മൂലം ഗ്യാസ് വില ഒരു ഡോളറാണ് ശരാശരി കൂടിയത്."
അനന്തമായി നീണ്ടു പോകുന്ന മറ്റൊരു യുദ്ധത്തിലേക്കാണ് യുഎസ് നീങ്ങുന്നതെന്നു ഡെമോക്രാറ്റിക് നേതാവ് പറഞ്ഞു. അഫ്ഘാൻ യുദ്ധം 20 വർഷം നീണ്ടു, അതു കഴിഞ്ഞപ്പോൾ താലിബാൻ വീണ്ടും അധികാരത്തിൽ എത്തി.
എന്താണ് ചെയ്യുന്നതെന്നു ഭരണകൂടം കൃത്യമായി പറഞ്ഞിട്ടില്ലെന്നു മൂർ ചൂണ്ടിക്കാട്ടി. ഇറാനിൽ യുഎസ് വിമാനം വെടിവച്ചിട്ടതു അഗാധമായ ആശങ്ക ഉയർത്തുന്നു.
Concerns rise in US over Iran conflict strategy and impact