
ഇറാനുമായി യുഎസ് 'അഗാധമായ' ചർച്ചകളിൽ ആണെന്നു പ്രസിഡന്റ് ട്രംപ്. യുദ്ധം പകുതിക്കു വച്ച് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഇസ്രയേലി മാധ്യമങ്ങളോട് പറഞ്ഞു.
ചൊവാഴ്ച്ച രാത്രി ഇ ടി 8 മണിക്കു മുൻപ് ഇറാൻ യുഎസ് ആവശ്യങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ അവരുടെ എല്ലാ പാലങ്ങളും പവർ പ്ലാന്റുകളും അടിച്ചു തീർക്കുമെന്നു അദ്ദേഹം ചാനൽ 12ൽ പറഞ്ഞു.
ഇറാനുമായി പല വഴിക്കു ബന്ധപ്പെടുന്നുണ്ടെന്നു ട്രംപ് പറഞ്ഞു. യുഎസ് ദൂതമാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നേരിട്ടു സംസാരിക്കുന്നുണ്ട്. കൂടാതെ പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നിവർ നയിക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്. അതേ സമയം, പാക്കിസ്ഥാന്റെ മധ്യസ്ഥത ഇറാൻ വീണ്ടും തള്ളിക്കളഞ്ഞു.
ചൊവാഴ്ച്ച താൻ നിശ്ചയിച്ച സമയത്തിനു മുൻപ് ഒത്തുതീർപ് ഉണ്ടാവാൻ 'നല്ല സാധ്യത' കാണുന്നുണ്ടെന്നു ട്രംപ് പറഞ്ഞു. ഇല്ലെങ്കിൽ യുഎസ് അതിശക്തമായ നടപടികൾ എടുക്കും.
ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു.
ട്രൂത് സോഷ്യലിൽ കയറ്റിയ പോസ്റ്റിൽ ട്രംപ് ഇറാനെതിരെ അശ്‌ളീല വർഷവും നടത്തി. അല്ലാഹുവിനു സ്തുതി പറയുകയും ചെയ്തു.
ഇറാനിലെ സിവിലിയന്മാർ ഈ നടപടികളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. "അവർ പേടിച്ചാണ് ജീവിക്കുന്നത്."
ഏത് ആക്രമണത്തിനും അതേ നാണയത്തിൽ മറുപടി നൽകുമെന്നു ഇറാൻ പ്രതികരിച്ചു.
ഇറാനിൽ വീണ വിമാനത്തിലെ സൈനികനെ രക്ഷിച്ച സാഹസിക ശ്രമത്തെ കുറിച്ച് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഇ ടി ഒരു മണിക്കു മാധ്യമങ്ങളോട് സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു.
ജനങ്ങൾക്ക് ആയുധം നൽകി
ജനകീയ പ്രക്ഷോഭം ഉണ്ടായപ്പോൾ അവർക്കു ആയുധങ്ങൾ നൽകിയെന്നു അദ്ദേഹം വെളിപ്പെടുത്തി. അവ പക്ഷെ കുർദിഷ് വിമതർ കൊണ്ടു പോയി. "കുർദിഷ് വിമതർ വഴി നമ്മൾ ഒട്ടേറെ ആയുധങ്ങൾ നൽകി. അവ പക്ഷെ ജനങ്ങളുടെ കൈയ്യിൽ എത്തിയില്ല," അദ്ദേഹം ഫോക്സ് ന്യൂസിനോടു പറഞ്ഞു.
ഇറാഖിൽ കഴിയുന്ന കുർദിഷ് കലാപകാരികൾ ഇറാനിൽ എത്തി ആക്രമണം നടത്തിയാൽ അതു ഗംഭീരമാവുമെന്നു ട്രംപ് പറഞ്ഞു.
കലാപത്തിനു പിന്നിൽ യുഎസ് സജീവമായി ഉണ്ടായിരുന്നു എന്ന ഇറാന്റെ ആരോപണം ഇതോടെ തെളിയുന്നു. ഇറാൻ ഭരണകൂടം കലാപം മൃഗീയമായാണ് അടിച്ചമർത്തിയത്.
Trump extends deadline, sees deal