Image

ഏദനിലെ താമസക്കാർ (നോവല്‍-10 : ലൈല അലക്‌സ്)

Published on 04 April, 2026
ഏദനിലെ താമസക്കാർ (നോവല്‍-10 : ലൈല അലക്‌സ്)

വനജ കട്ടിലിൽ തളർന്നു ഇരുന്നു. 
ഭയം മുഴുവനായി വിട്ടു മാറിയിരുന്നില്ല അപ്പോഴും. ഇരുണ്ട വെളിച്ചത്തിൽ മുഖം മറെയ്ക്കുന്ന ഗ്രേ നിറത്തിലുള്ള ഹുഡി ധരിച്ചിരുന്നതുകൊണ്ടു ആൾ ആരെന്നു വ്യക്തമായില്ല. പാർക്കിംഗ് ലോട്ട് വിജനമായിരുന്നതുകൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു വനജ. പല പ്രാവശ്യം ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. 
വനജ കാർ പാർക്ക് ചെയ്തിറങ്ങി, കുറച്ചു ദൂരം മുൻപോട്ടു നടന്ന ശേഷമാണ് അക്രമി പിന്നിൽ നിന്നും കടന്നു പിടിച്ചതും ശബ്ദം ഉണ്ടാക്കാനാവാത്ത വിധം വായ് പൊത്തിയതും. അസ്‌ഥികൾ ഒടിയുന്നതുപോലെ ബലിഷ്ഠമായിരുന്ന ആ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വിധത്തിലും കഴിയില്ലെന്നു അവൾക്കു ഉറപ്പായിരുന്നു. അരണ്ട വെളിച്ചത്തിൽ ഒരു കത്തി വായുവിൽ ഉയരുന്നതും തൻറെ നേരെ നീണ്ടു വരുന്നതും കണ്ടു സുബോധം തന്നെ നശിച്ച നിലയിലായിപ്പോയി അവൾ.
ഭാഗ്യത്തിന്, എവിടെ നിന്നോ ഒരു കാർ അവിടേക്കു വന്നതുകൊണ്ട് അക്രമി പിടി വിട്ടിട്ടു ഓടി. അങ്ങനെ താൻ രക്ഷപെട്ടു. അടുത്ത നിമിഷം തിരികെ ഓടി കാറിൽ കയറി അവിടെ നിന്നും ഓടിച്ചു പോന്നു. അക്രമി എങ്ങോട്ടാണ് ഓടിയത് എന്ന് പോലും നോക്കാനുള്ള മനസ്സാന്നിധ്യം തനിക്കുണ്ടായിരുന്നില്ല. ആ അരണ്ട വെളിച്ചത്തിൽ കണ്ട കത്തിയുടെ വായ്ത്തലയുടെ തിളക്കം അത്രയേറെ ഭയപ്പെടുത്തിക്കളഞ്ഞു. 
കുറച്ചുകാലം മുൻപ് സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുള്ളതാണ് വനജയ്ക്ക്. അന്ന് ഷോപ്പിങ് കഴിഞ്ഞു ഇറങ്ങിയതായിരുന്നു. അവളെ തള്ളി താഴെയി ട്ട്, കയ്യിലുണ്ടായിരുന്ന ഹാൻഡ്ബാഗ് തട്ടിപ്പറിച്ചെടുത്തുംകൊണ്ടു അക്രമി കടന്നു കളഞ്ഞു. അധികം പണം ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും വല്ലാതെ ഭയന്ന് പോയി അവൾ. ആ സംഭവത്തിനു ശേഷം കുറെ ഏറെ ദിവസത്തേക്ക് തനിയെ പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. 
ഓർക്കുംതോറും ഭയം ഇരട്ടിക്കുയായിരുന്നു വനജയ്ക്ക്.
ഇന്നത്തെ സംഭവം അങ്ങനെ പണം തട്ടാനാണ് എന്ന് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല പണം തട്ടാനാണെങ്കിൽ പേഴ്‌സ് തട്ടിപ്പറിച്ചെടുത്തിട്ടു ഓടി രക്ഷപെടാനല്ലേ ശ്രമിക്കേണ്ടിയിരുന്നത്? പിന്നിൽ നിന്നും കടന്നു പിടിച്ചതും ശബ്ദം ഉണ്ടാക്കാനാവാത്ത വിധം വായ് പൊത്തിപ്പിടിച്ചതും അക്രമിയുടെ ലക്‌ഷ്യം അതായിരുന്നില്ല എന്നതിൻറെ തെളിവല്ലേ?  
ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതാണ്. 
തീർച്ച.
എന്തിന്? 
അപായപ്പെടുത്താനുള്ള ശ്രമം ആയിരുന്നെങ്കിൽ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്ന് എന്താണ് ഉറപ്പ്? അങ്ങനെയെങ്കിൽ പോലീസിൽ അറിയിക്കേണ്ടേ? അങ്ങനെ പോലീസിൽ അറിയിക്കുകയും മറ്റും ചെയ്യണമെങ്കിൽ, അതിനു മുൻപേ രാജീവനോട് പറയണം. ഇന്നത്തെ സംഭവം രാജീവനോട് പറയുന്നതു എങ്ങനെ? എവിടെ, എന്തിനാണ് പോയതെന്ന് രാജീവൻ ചോദിച്ചാൽ, എന്താണ് മറുപടി നൽകുക? പറഞ്ഞാൽ രാജീവൻ പ്രതികരിക്കുന്നത് എങ്ങനെയാവുമെന്നു അറിയാൻ പറ്റില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജീവനുമായി അങ്ങനെ ഒരു പ്രശ്നത്തിന് വഴിവെക്കാനും വയ്യ. 
പക്ഷേ, പറയാതിരുന്നാലുള്ള സ്‌ഥിതി....  അത് ഇതിലും ഭയാനകം ആയിരിക്കുകയില്ലേ…. ആരാണ് തൻറെ ശത്രു?
വനജയ്ക്ക് ഭ്രാന്ത് പിടിക്കുമെന്നു തോന്നി  
ഈയടുത്ത കാലത്തായി എന്തൊക്കെയാണ് സംഭവിക്കുന്നത്? ഏതോ കഷ്ടകാലം തന്നെ ബാധിച്ചിരിക്കുന്നു. തന്നെ അപായപ്പെടുത്താൻ, അല്ലെങ്കിൽ തൻറെ സമാധാനം നശിപ്പിക്കാൻ ആരോ എന്തോ കരുതിക്കൂട്ടി ചെയ്യുന്നതുപോലെ...
കുറച്ചു ദിവസങ്ങൾക്കു മുൻപേ രാജുവിൻറെ വീട്ടിൽ വച്ചുണ്ടായ അനുഭവം അവളോർത്തു പോയി. റോഡിൽ നിന്നും ബീനയേയും കൊണ്ട് അകത്തു കടന്ന ഉടനെ ഗേറ്റ് പൂട്ടിയത് ആരായിരിക്കും? എന്തിനായിരിക്കും? ബീനയല്ല അത് ചെയ്തത്; താൻ അവളെ പിടിച്ചിരിക്കയായിരുന്നല്ലോ. പക്ഷെ, അവൾ എന്തിനാണ് താൻ അവിടെ ഒളിച്ചിരിക്കയായിരുന്നു എന്ന് പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. 
അതുപോലെ, ഓമനആൻറിയുമായി നടന്ന ഫോൺ സംഭാഷണം അവൾ ഓർത്തു.
'വനജയെക്കുറിച്ചു ഞാൻ ഇങ്ങനെ അല്ല ഓർത്തത്. വരുംവരാഴികകൾ ആലോചിക്കാതെ സംസാരിക്കരുത്. വിവാഹപ്രായം എത്തിയ ഒരു പെൺകുട്ടിയെക്കുറിച്ചു നല്ലതു പറയാനില്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നത് ആണ് മാന്യത ...'
'ആൻറി എന്താ ഇപ്പറയുന്നത്?'
'നീ എന്തിനാ ആ സരസുവിൻറെ മകളെക്കുറിച്ചു അങ്ങനെ പറഞ്ഞത്? ആ കുട്ടിയുടെ കല്യാണം മാറിപ്പോയി.'
'ഏതു സരസു?' 
'അത് തന്നെയാ ചോദിച്ചത്... ഒരു പരിചയവും ഇല്ലാത്ത സരസുവിൻറെ മകളെക്കുറിച്ചു എന്തിനാ എന്തെങ്കിലും പറയുന്നത്?'
'സത്യമായും എനിക്കറിയില്ല ആൻറി ഇപ്പറയുന്നത് എന്താണെന്ന്...'
ദേക്ഷ്യത്തോടെയാണ് അന്ന് ഓമന ആൻറി ഫോൺ വെച്ചത്.
കുട്ടികളുടെ സ്‌കൂളിൽ വെച്ചും ഉണ്ടായി അത്തരം ഒരു അനുഭവം. ഏറെ നീരസത്തോടെ പ്രിൻസിപ്പൽ വനജയോട് പറഞ്ഞു: 'മിസിസ് രാജീവന് ഇവിടുത്തെ ടീച്ചേഴ്സിനെക്കുറിച്ചു കംപ്ലെയ്ന്റ് ഉണ്ടെങ്കിൽ എന്നോട്  പറയാം. പ്രത്യേകിച്ച് ടീച്ചേഴ്സിന്റെ പേർസണൽ മറ്റേഴ്‌സ് പുറത്തു മറ്റു ആളുകളുമായി ചർച്ച ചെയ്യുന്നത് ശരിയല്ല...'
'അത് പ്രത്യേകം പറയണോ?' എന്ന് ചോദിച്ചു വനജ.
മുഷിഞ്ഞ ഒരു നോട്ടം വനജയുടെ നേർക്ക് എറിഞ്ഞിട്ടു അവർ മറ്റൊരു രക്ഷകർത്താവിനോടു സംസാരിക്കാൻ പോയി. കുറെയേറെ നാൾ മുൻപേ ആയിരുന്നതിനാൽ മിക്കവാറും അതിനെക്കുറിച്ച് മറന്നതായിരുന്നു. പക്ഷേ,  ഇപ്പോൾ ഓർമിച്ചു പോകുന്നു.
ഇതിനൊക്കെ പുറമെയാണ് അറെയ്ക്കുന്ന ഭാഷയിൽ തൻറെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചുള്ള ഊമക്കത്തുകൾ... മമ്മയും രാജീവനും ഒന്നും നേരിട്ട് ചോദിച്ചില്ലെങ്കിലും സംശയത്തിൻറെ തീനാമ്പുകൾ തൻറെ നേരെ നീളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. 
ഇതെല്ലാം ഒന്ന് ഒന്നിനോട് ബന്ധമില്ലാത്ത നിസ്സാര സംഭവങ്ങളായേ ഇതുവരെ കരുതിയിരുന്നുള്ളൂ. പക്ഷേ, ഇന്ന് ഉണ്ടായതും കൂടി ചേർത്ത് നോക്കുമ്പോൾ, ഇവയ്ക്കു തമ്മിൽ എന്തോ ബന്ധമില്ലേ എന്നൊരു തോന്നൽ. ആരോ ഒരു ശത്രു തൻറെ പിന്നാലെ ഉണ്ട്... ആര്, എന്തിന് എന്ന് അറിയില്ല എന്ന് മാത്രം... 
ഇന്നത്തെ സംഭവം നിസാരമായി തള്ളാൻ വയ്യ. തൻറെ ജീവൻ അപകടത്തിലാണ്. രാജീവനോട് പറഞ്ഞേ മതിയാവൂ. വേണ്ടിവന്നാൽ പോലീസിലും. അയ്യോ അത് വേണോ? പോലീസ് വന്നാൽ അവർ എന്തൊക്കെയാവും കുത്തിപ്പൊളിക്കുന്നതു എന്ന് ആർക്കറിയാം? തത്കാലം രാജീവനോട് ഷോപ്പിങ്ങിനു പോയതായിരുന്നു എന്നോ മറ്റോ പറയാം. പിന്നെ എല്ലാം കലങ്ങി തെളിഞ്ഞിട്ടു കാര്യങ്ങൾ പറയാം. 
അതിനു മുൻപ്, സഹോദരനായ ജോച്ചായനെ വിളിക്കണം. അച്ചായൻ പറഞ്ഞ ആളിനെ കാണാൻ കഴിഞ്ഞില്ല എന്ന് പറയണം. പിന്നെ ഇവിടെ നടക്കുന്ന കാര്യങ്ങളും. വനജ ഫോൺ കയ്യിലെടുത്തു


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക