
കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ (35) മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ കെയർടേക്കർ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി മഹേഷിനെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ സ്കൂളിലെ കിടപ്പുമുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ കണ്ട ഉരഞ്ഞ പാടുകളാണ് മരണത്തിൽ സംശയമുണ്ടാക്കിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി വടികൊണ്ടും കൈകൊണ്ടും ശ്രീനാഥിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജോയ്, സബ് ഇൻസ്പെക്ടർമാരായ ശിവശങ്കരൻ, വിവേക്, സെബി, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്, ശ്യാം, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഭിന്നശേഷിക്കാരനായ യുവാവിനെ സംരക്ഷിക്കേണ്ടവർ തന്നെ മർദ്ദിച്ചു കൊലപ്പെടുത്തിയത് നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നേക്കും.