Image

ശബരിമലയിലെ സ്വർണം പോലും കവർന്നു; എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം കൊള്ളസംഘമെന്ന് പ്രധാനമന്ത്രി

Published on 03 April, 2026
ശബരിമലയിലെ സ്വർണം പോലും കവർന്നു; എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം കൊള്ളസംഘമെന്ന് പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമല വിഷയം വീണ്ടും സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇടത്-വലത് മുന്നണികൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ശബരിമലയിൽ ഭഗവാൻ അയ്യപ്പന്റെ സ്വർണം പോലും അപഹരിച്ച ഇരുമുന്നണികളും ഭക്തജനങ്ങളെ വഞ്ചിച്ച 'കൊള്ളസംഘം' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്' പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

​കേരളത്തിലെത്തിയപ്പോൾ മോദി ശബരിമല വിഷയത്തെക്കുറിച്ച് മിണ്ടിയില്ലെന്ന യു.ഡി.എഫിന്റെ പരിഹാസങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ശനിയാഴ്ച കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി, വരുംദിവസങ്ങളിൽ ശബരിമല വിഷയം കൂടുതൽ സജീവമാക്കുമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. വിശ്വാസികളെയും അവരുടെ വികാരങ്ങളെയും ബഹുമാനിക്കാതെ ഇരുമുന്നണികളും ചേർന്ന് കേരളത്തെ പിന്നോട്ടടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

​അഴിമതിയിലും വർഗീയ പ്രീണനത്തിലും എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെയാണെന്നും മോദി പറഞ്ഞു. മതമൗലികവാദികളുടെ പിൻബലത്തോടെ കേരളത്തെ വിഭജിക്കാൻ ഇവർ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ സാധാരണക്കാർ നിക്ഷേപിച്ച ജീവിത സമ്പാദ്യം മുഴുവൻ സ്വന്തം സ്വാർത്ഥ ലാഭത്തിനായി ഇക്കൂട്ടർ കൊള്ളയടിച്ചു. ഈ ദുർഭരണത്തിന് അറുതി വരുത്താൻ ബി.ജെ.പി - എൻ.ഡി.എ സഖ്യത്തിന് മാത്രമേ കഴിയൂ എന്നും അതിനായി ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസം അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പ്രകടനം മാതൃകയാക്കാൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. നിർണ്ണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുക്കുന്ന ഊർജ്ജസ്വലതയോടെ ഓരോ ബി.ജെ.പി പ്രവർത്തകനും ബൂത്ത് തലത്തിൽ സജീവമാകണം. ഗൃഹസമ്പർക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ബൂത്തുകൾ കരുത്തുറ്റതായാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക