Image

"പിണറായി മോദിയുടെ ബി ടീം, സ്വയം രക്ഷിക്കാൻ കീഴടങ്ങുന്നു"; ബിജെപി-സിപിഎം ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധി

Published on 02 April, 2026
"പിണറായി മോദിയുടെ ബി ടീം, സ്വയം രക്ഷിക്കാൻ കീഴടങ്ങുന്നു"; ബിജെപി-സിപിഎം ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ 'ബി ടീം' ആയി പ്രവർത്തിക്കുകയാണെന്നും അധികാരത്തിൽ തുടരാൻ അദ്ദേഹം മോദിക്ക് മുന്നിൽ കീഴടങ്ങിയെന്നും പ്രിയങ്ക ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും ഈ കേസിൽ ഒരു ഇടതുപക്ഷ നേതാവിനെപ്പോലും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

​ഭീരുക്കളാണ് രാജ്യം ഭരിക്കുന്നതെന്നും മോദി അമേരിക്കയ്ക്കും ഇസ്രായേലിനും കീഴടങ്ങുമ്പോൾ പിണറായി വിജയൻ സ്വയം രക്ഷിക്കാനായി മോദിക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്നും പ്രിയങ്ക തുറന്നടിച്ചു. സംസ്ഥാനത്തെ ഇടതു സർക്കാരിന്റെ അഴിമതിയുടെ ഫലമായി കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നുവെന്നും കൊട്ടിയത്തെ നിർമ്മാണ പ്രവർത്തനങ്ങളിലും അഴിമതി പ്രകടമാണെന്നും അവർ കുറ്റപ്പെടുത്തി. അദാനി കേരളത്തിന്റെ തീരം കവരുമ്പോൾ സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

​കൊല്ലത്തെ പരമ്പരാഗത വ്യവസായങ്ങൾ തകർച്ചയുടെ വക്കിലാണെന്നും ടൂറിസം മേഖലയെ സർക്കാർ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ ആശ, അങ്കണവാടി പ്രവർത്തകർ വലിയ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. യഥാർത്ഥ ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ജനങ്ങൾ അത് വിനിയോഗിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. കർണാടകയിലും രാജസ്ഥാനിലും നടപ്പിലാക്കിയ മാതൃകയിലാണ് യുഡിഎഫിന്റെ അഞ്ച് ഗ്യാരന്റികൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജനങ്ങൾക്ക് ആശ്വാസം നൽകാൻ യുഡിഎഫിന് മാത്രമേ സാധിക്കൂ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക