
ന്യൂഡൽഹി: മനുഷ്യരെ വീണ്ടും ചന്ദ്രപരിസരത്തേക്ക് എത്തിക്കുന്ന അർട്ടെമിസ് II ദൗത്യത്തിൽ ആദ്യമായി നാസാ യാത്രികർ വ്യക്തിഗത ഐഫോണുകളുമായി യാത്രയ്ക്ക് പുറപ്പെട്ടു. ഭാവിയിലെ മനുഷ്യബഹിരാകാശ ദൗത്യങ്ങൾ കൂടുതൽ ആധുനികമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
നാസായുടെ നാലംഗ സംഘമായ റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റിന കോച്ച്, ജെറമി ഹാൻസൻ എന്നിവർ ഓറിയൻ സ്‌പേസ് ക്രാഫ്റ്റിൽ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കപ്പെട്ട് ചന്ദ്രനെ ചുറ്റി 10 ദിവസത്തെ ചരിത്രപരമായ യാത്ര ആരംഭിച്ചു.
വ്യക്തിഗത സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയത് ദൗത്യരേഖപ്പെടുത്തൽ കൂടുതൽ ലളിതമാക്കാനും കുടുംബങ്ങളുമായി പങ്കിടാൻ കഴിയുന്ന പ്രത്യേക നിമിഷങ്ങൾ പകർത്താനും സഹായിക്കുമെന്നാണ് നാസ വ്യക്തമാക്കി.സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനടുത്തുകൂടി സഞ്ചരിക്കുന്ന ഘട്ടത്തിൽ അവിടെയുള്ള വൈ-ഫൈ സൗകര്യം ഉപയോഗിച്ച് ചിത്രങ്ങളും ഇമെയിലുകളും അയയ്ക്കാൻ കഴിയുമെങ്കിലും വോയ്സ് കോളുകൾ സാധ്യമാകില്ല.അർട്ടെമിസ്–II ദൗത്യം അരനൂറ്റാണ്ടിലേറെയായി മനുഷ്യർ വീണ്ടും ചന്ദ്രപരിസരത്തേക്ക് നടത്തുന്ന ആദ്യ സംഘയാത്രയാണ്. ഈ ദൗത്യത്തിനിടെ ചന്ദ്രന്റെ ഉപരിതലത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്തുകയും മനുഷ്യർ നേരിട്ട് മുമ്പ് കാണാത്ത ചില ഭൗമശാസ്ത്ര സവിശേഷതകൾ നിരീക്ഷിക്കുകയും ചെയ്യും.
ഭാഗിക സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരവും സംഘത്തിന് ലഭിക്കുമെന്ന് നാസ അറിയിച്ചു. ഈ ദൗത്യം ഭാവിയിലെ മനുഷ്യ ചന്ദ്രയാത്രകൾക്കും മാഴ്സ് ദൗത്യങ്ങൾക്കും വഴിയൊരുക്കുന്ന നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ആർട്ടെമിസ്–II മുന്നേറ്റം: ഓറിയൺ ക്യാപ്സൂൾ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ടു
ഫ്ലോറിഡ: മനുഷ്യരെ വീണ്ടും ചന്ദ്രപരിസരത്തിലേക്ക് കൊണ്ടുപോകുന്ന ആർട്ടെമിസ് II ദൗത്യത്തിലെ നിർണായക ഘട്ടമായി ഓറിയൺ സ്‌പേസ്ക്രാഫ്റ്റ് റോക്കറ്റിന്റെ അപ്പർ സ്റ്റേജിൽ നിന്ന് വിജയകരമായി വേർപെട്ടെന്ന് നാസാ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി 'പ്രോക്സിമിറ്റി ഓപ്പറേഷൻസ്' പരീക്ഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
യാത്രികർ സ്വയം നിയന്ത്രിച്ച് ക്യാപ്സൂൾ കൈകാര്യം ചെയ്യുന്ന മാനുവൽ പൈലറ്റിംഗ് പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. ഭാവിയിൽ മറ്റ് ബഹിരാകാശ വാഹനങ്ങളുമായി ഡോക്കിംഗ് നടത്തുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പരീക്ഷണം.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡ് 39ബി-യിൽ നിന്ന് സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലൂടെ ആർട്ടെമിസ്–II ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് ഈ മുന്നേറ്റം. 50 വർഷത്തിലേറെയായി മനുഷ്യരെ വീണ്ടും ചന്ദ്രപരിസരത്തിലേക്ക് എത്തിക്കുന്ന ആദ്യ സംഘയാത്രയായതിനാൽ ദൗത്യത്തിന് വലിയ പ്രാധാന്യമുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി ഓറിയൺ ക്യാപ്സൂളിന്റെ സോളാർ അറേ പാനലുകൾ വിജയകരമായി തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംവിധാനം സജ്ജമായി. തുടർന്ന് ദൗത്യസംഘം വിവിധ സിസ്റ്റം പരിശോധനകളും ഫ്ലൈറ്റ് ഓപ്പറേഷൻസ് ഘട്ടത്തിലേക്കുള്ള മാറ്റവും ആരംഭിച്ചു.
നാസ അഡ്മിനിസ്ട്രേറ്റർ ജറേഡ് ഐസക്മാൻ ഈ വിക്ഷേപണം മനുഷ്യരാശിയുടെ ചന്ദ്രയാത്രയിലേക്കുള്ള തിരിച്ചുവരവിന്റെ നിർണായക ഘട്ടമാണെന്ന് വ്യക്തമാക്കി. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരതാമസം സാധ്യമാക്കാനും മാഴ്സിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്ക് അടിത്തറ ഒരുക്കുന്നതിനുമുള്ള തുടക്കമാണ് ആർട്ടെമിസ്–II എന്നും അദ്ദേഹം പറഞ്ഞു.
ദൗത്യത്തിനിടെ ഓറിയൺ ആദ്യം ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ ബേൺ നടത്തി ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കും. മനുഷ്യർ നേരിട്ട് അപൂർവമായി കണ്ടിട്ടുള്ള ചന്ദ്രന്റെ മറുഭാഗം ഉൾപ്പെടെ വിവിധ പ്രദേശങ്ങളുടെ ദൃശ്യങ്ങൾ പകർത്താനും നിരീക്ഷണങ്ങൾ നടത്താനും സംഘത്തിന് അവസരം ലഭിക്കും.
കൂടാതെ വിവിധ രാജ്യങ്ങളുടെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി നിരവധി ചെറിയ ഉപഗ്രഹങ്ങളും (ക്യൂബ്‌സാറ്റുകൾ) ഈ ദൗത്യത്തിന്റെ ഭാഗമായി വിന്യസിക്കും. ഏകദേശം 10 ദിവസത്തെ യാത്രയ്ക്ക് ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി ദൗത്യം സമാപിക്കുമെന്നാണ് പ്രതീക്ഷ.
അരനൂറ്റാണ്ടിലേറെയായി മനുഷ്യർ ചന്ദ്രനിലേക്കുള്ള യാത്ര അവസാനിച്ചതിന് ശേഷം വീണ്ടും ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾക്ക് തുടക്കമിടുന്ന നിർണായക ഘട്ടമായി നാസയുടെ അർട്ടെമിസ്–II ദൗത്യം. നാല് പേരുമായി നടക്കുന്ന ഈ 10 ദിവസത്തെ പരീക്ഷണയാത്ര ചന്ദ്രനെ ചുറ്റിപ്പറന്ന് ഭൂമിയിലേക്ക് മടങ്ങുന്നതായിരിക്കും.
'53 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ ചന്ദ്രനിൽ നിന്ന് മടങ്ങി. ഇപ്പോൾ വീണ്ടും നമ്മൾ തിരികെ പോകുകയാണ്,' നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അമിത് ക്ഷത്രിയ പറഞ്ഞു.
1972-ലെ അപ്പോളോ–17 ദൗത്യത്തിന് ശേഷമാണ് മനുഷ്യർ ഇത്ര ദൂരം വീണ്ടും അന്തരീക്ഷത്തിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ അർട്ടെമിസ്–II ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങുകയില്ല. ചന്ദ്രന്റെ മറുഭാഗം ചുറ്റി പറന്ന് ഭൂമിയിലേക്ക് മടങ്ങുന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഭാവിയിൽ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതിക്ക് മുൻപായി റോക്കറ്റിന്റെയും ഓറിയൺ ക്യാപ്സൂളിന്റെയും സാങ്കേതിക ശേഷി പരിശോധിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യം. 2028-ൽ അർട്ടെമിസ്–IV ദൗത്യത്തിലൂടെ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനാണ് നാസയുടെ പദ്ധതി.
മനുഷ്യരെ ചന്ദ്രനിൽ സ്ഥിരമായി താമസിപ്പിക്കാനും തുടർന്ന് മനുഷ്യരെ മാഴ്സിലേക്ക് അയയ്ക്കാനുള്ള ദൗത്യങ്ങൾക്ക് തയ്യാറെടുക്കാനുമുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് അർട്ടെമിസ് പദ്ധതി നടപ്പാക്കുന്നതെന്ന് നാസ വ്യക്തമാക്കി.