
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ടിവികെ നേതാവ് വിജയ്. കരൂർ ദുരന്തത്തിന് പിന്നിലും തന്റെ പുതിയ ചിത്രമായ 'ജനനായകൻ' റിലീസ് വൈകിപ്പിക്കുന്നതിലും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിജയ് ആരോപിച്ചു. എല്ലാ പാർട്ടികളും ഒത്തുചേർന്ന് തന്നെ എതിർക്കുകയാണെന്നും ഇതിൽ നിന്നെല്ലാം തനിക്ക് നീതി വേണമെന്നും പത്രികാ സമർപ്പണത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ 'തിന്മയുടെ ശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, സ്റ്റാലിൻ ഭരണകൂടം ജനവിരുദ്ധമാണെന്നും ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. 'ജനനായകൻ' എന്ന സിനിമ തെരഞ്ഞെടുപ്പിൽ വലിയ ആയുധമാകുമെന്ന് ഭരണപക്ഷം ഭയപ്പെടുന്നതിനാലാണ് റിലീസ് തടയുന്നത്. ഇത്തരം പ്രതിസന്ധികൾ ജനങ്ങളുമായുള്ള തന്റെ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും വിജയ് വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിലെ തന്റെ കന്നിപോരാട്ടത്തിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്.
രാജ്യത്തെ എൽപിജി ക്ഷാമം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും വിജയ് കുറ്റപ്പെടുത്തി. സ്വന്തം കുടുംബത്തിൽ റെയ്ഡോ മറ്റോ ഉണ്ടായാൽ ഉടൻ ഡൽഹിയിലേക്ക് പറക്കുന്ന മുഖ്യമന്ത്രി സ്റ്റാലിൻ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എൽപിജി വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. മുൻകൂട്ടി നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ദീർഘവീക്ഷണമില്ലാത്ത ഭരണമാണ് തമിഴ്‌നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആഴ്ച പെരമ്പൂരിലും വിജയ് പത്രിക സമർപ്പിച്ചിരുന്നു.