
രണ്ടുമൂന്നാഴ്ച്ച കൊണ്ട് ഇറാനെ അടിച്ചു തീർക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച രാത്രി രാഷ്ട്രത്തോടു പറഞ്ഞതിനു പിന്നാലെ, ഇറാൻ ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും മിസൈലുകൾ വർഷിച്ചു. ഇറാനെ ശിലായുഗത്തിലേക്കു തിരിച്ചയക്കുമെന്ന ട്രംപിന്റെ താക്കീതിനു പ്രതികരിച്ച ഇറാൻ സൈനിക നേതാക്കൾ, അദ്ദേഹത്തിന്റെ 250 വർഷം പ്രായമായ രാജ്യം 6,000 വർഷത്തിലേറെ പഴക്കമുളള നാഗരികതയെ ആണ് നേരിടുന്നതെന്നു ഓർമിപ്പിക്കുകയും ചെയ്തു.
ഇറാനിൽ യുഎസ്-ഇസ്രയേലി സേനകൾ അടിച്ചു തകർത്തുവെന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങൾ അപ്രധാനമാണെന്നു സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സോൾഫാഗരി പറഞ്ഞു. "നിങ്ങൾക്ക് അറിയില്ലാത്ത സൈനിക കേന്ദ്രങ്ങളിലാണ് ഞങ്ങളുടെ തന്ത്രപരമായ പ്രതിരോധ ഉത്പാദനം നടക്കുന്നത്."
ഇസ്രയേലിനും ബഹ്‌റൈനും ദുബായിക്കും നേരെ ഇറാൻ മിസൈലുകൾ പായിച്ചു. ആക്രമണം വ്യാഴാഴ്ച്ച പുലരും വരെ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ മിസൈലുകൾ തടഞ്ഞെന്നു സൗദി അറേബ്യയും അറിയിച്ചു.
ബുധനാഴ്ച്ച ഇറാൻ ഖത്തർഎനർജി വക എണ്ണക്കപ്പൽ ആക്രമിച്ചു. കുവൈറ്റ് എയർപോർട്ടിലും ആക്രമണം ഉണ്ടായി.
ഗൾഫിൽ യുഎസ് നിക്ഷേപമുള്ള സ്റ്റീൽ, അലുമിനിയം പ്ലാന്റുകൾ തകർക്കുമെന്നു ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി താക്കീതു നൽകി. "ഇറാന്റെ വ്യവസായങ്ങളെ ആക്രമിച്ചാൽ നിങ്ങൾക്കു തിരിച്ചും കിട്ടും. അടുത്ത അടി കൂടുതൽ വേദനിക്കുന്നതാവും."
ഇറാന്റെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റുകളായ അഹ്വാസിലെ ഖൂസിസ്താൻ സ്റ്റീൽ കമ്പനി, ഇസ്ഫഹാനിലെ മുബാറക് സ്റ്റീൽ കമ്പനി എന്നിവ യുഎസ്-ഇസ്രയേലി ആക്രമണത്തെ തുടർന്ന് അടച്ചിട്ടതിനു പിന്നാലെയാണ് ഈ താക്കീത്.
ട്രംപിന്റെ ഭീഷണി പരിഗണിച്ചു ആക്രമണങ്ങൾ നേരിടാൻ തയ്യാറെടുക്കാൻ ഇറാൻ ആർമിക്കു നിർദേശം നൽകി. "കരയുദ്ധത്തിനു തുനിഞ്ഞാൽ ഒരൊറ്റ ശത്രു സൈനികനും ജീവനോടെ മടങ്ങരുത്," കമാൻഡർ-ഇൻ-ചീഫ് ആമിർ ഹാതമി പറഞ്ഞു.
Iran hits back after Trump's warning