Image

ഭക്തിഗാന ശാഖയിലെ വിസ്മയം; 'പൈതലാം യേശുവേ' ഗാനത്തിന്റെ ശില്പി ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ അന്തരിച്ചു

Published on 02 April, 2026
ഭക്തിഗാന ശാഖയിലെ വിസ്മയം; 'പൈതലാം യേശുവേ' ഗാനത്തിന്റെ ശില്പി ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ അന്തരിച്ചു

മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അനശ്വരമായ ഈണങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ (90) അന്തരിച്ചു. ഒസിഡി (OCD) സന്യാസസമൂഹാംഗമായ അദ്ദേഹം കുമ്പളങ്ങി സ്വദേശിയാണ്. വാർധക്യസഹജമായ കാരണങ്ങളാൽ ദീർഘകാലമായി വിശ്രമജീവിതത്തിലായിരുന്നു. 'പൈതലാം യേശുവേ', 'മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന', 'സ്നേഹസ്വരൂപാ തവദർശനം' തുടങ്ങിയ മലയാളികൾ നെഞ്ചേറ്റിയ നിരവധി പ്രശസ്ത ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്നവയാണ്. കെ.എസ്. ചിത്രയുടെ സംഗീത ജീവിതത്തിൽ വലിയ വഴിത്തിരിവായ ഗാനമായിരുന്നു ഫാ. ജെസ്റ്റിൻ പനക്കൽ ഈണമിട്ട 'പൈതലാം യേശുവേ'.

​കെ.ജെ. യേശുദാസ് പാടിയ മിക്ക ഹിറ്റ് ഭക്തിഗാന ആൽബങ്ങളിലും പനക്കലച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. അദ്ദേഹം ഈണമിട്ട 29 പാട്ടുകളിൽ 25 എണ്ണവും ആലപിച്ചത് യേശുദാസ് ആണെന്നത് ശ്രദ്ധേയമാണ്. തരംഗിണിയുടെ ഹിറ്റ് ആൽബങ്ങളായ സ്നേഹസന്ദേശം, തളിർമാല്യം എന്നിവയിലെ ഗാനങ്ങൾ ഇന്നും വിശ്വാസികൾക്കിടയിൽ സജീവമാണ്. ജെസ്റ്റിൻ പനക്കലിന്റെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്ന് കെ.എസ്. ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. തന്നെ ഭക്തിഗാന രംഗത്ത് ശ്രദ്ധേയയാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചിത്ര അനുസ്മരിച്ചു.

​1962-ൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ ദീർഘകാലം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. ഫാ. ജെസ്റ്റിൻ പനക്കലിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക