
മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയെ ഇളക്കിമറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ധർമ്മടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ. രഞ്ജിത്തിന് വേണ്ടി പിണറായി പാണ്ട്യാല മുക്ക് മുതൽ പെട്രോൾ പമ്പ് വരെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച ആവേശകരമായ പ്രകടനത്തിൽ ബാൻഡുവാദ്യങ്ങളും വാദ്യമേളങ്ങളുമായി നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. റോഡ് ഷോയ്ക്ക് പിന്നാലെ മുൻപ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും സുരേഷ് ഗോപി സന്ദർശിച്ചു.
ധർമ്മടത്തിന് പിന്നാലെ തലശേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഒ. നിധീഷിന്റെ പ്രചാരണ പരിപാടിയിലും സുരേഷ് ഗോപി പങ്കുചേർന്നു. വൈകിട്ട് മൂന്ന് മണിക്ക് തലശേരി വാടിക്കൽ രാമകൃഷ്ണ മന്ദിര പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ് വരെ നീണ്ട റോഡ് ഷോയിലും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സ്ഥാനാർത്ഥി ഒ. നിധീഷിനൊപ്പം തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ സുരേഷ് ഗോപിയെ കാണാൻ പാതയോരങ്ങളിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കണ്ണൂർ ജില്ലയിലെ എൻഡിഎ പ്രചാരണത്തിന് വലിയ ഊർജ്ജം നൽകുന്നതായിരുന്നു ഈ പരിപാടികൾ.