
വനിതാ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നൂർബിനയുടെ രാജി പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും അവരുടെ ഭാഗത്തുനിന്നുണ്ടായ പരസ്യപ്രതികരണം ഗുരുതരമായ അച്ചടക്കലംഘനമാണെന്നും സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്കലംഘനത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് പാർട്ടി നൂർബിനയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇരുപത്തിയഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള പാർട്ടിയിൽ ഒരാൾ മാത്രമാണ് പേരാമ്പ്രയിലെ സ്ഥാനാർത്ഥിക്കെതിരെ രംഗത്തുവന്നതെന്ന് സലാം ചൂണ്ടിക്കാട്ടി. നൂർബിനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പറയേണ്ടത് നേതൃത്വത്തോടാണ്, അല്ലാതെ മാധ്യമങ്ങളോടല്ല. ഇതുവരെ അത്തരമൊരു വിയോജിപ്പും അവർ പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും വനിതാ ലീഗിന്റെ നിലപാട് പറയേണ്ടത് ഒരു വ്യക്തിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്രയിലെ മതവിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പി.എം.എ സലാം ആരോപിച്ചു. തോൽവി മുന്നിൽക്കണ്ടാണ് വർഗീയമായ അന്തഃഛിദ്രം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നത്. ബിജെപിയെക്കാൾ വർഗീയത ആളിക്കത്തിച്ച് വോട്ട് നേടാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്നും ഇതിലും വൃത്തികെട്ട ഒരു രാഷ്ട്രീയ പാർട്ടി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമാകുന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനങ്ങളെന്നും സലാം കുറ്റപ്പെടുത്തി.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും എ.കെ.ജിയുടെയും പാർട്ടി പിണറായി വിജയനിലെത്തി നിൽക്കുമ്പോൾ അധപതിച്ചിരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതറിയാമെന്നും സലാം പരിഹസിച്ചു. നൂർബിന റഷീദിൽ നിന്ന് ലഭിക്കുന്ന വിശദീകരണം കൂടി പരിശോധിച്ച ശേഷം പാർട്ടി തുടർനടപടികൾ സ്വീകരിക്കും. രാഷ്ട്രീയ മര്യാദയില്ലാത്ത ഇത്തരം നീക്കങ്ങളെ വോട്ടർമാർ തള്ളിക്കളയുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.