Image

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശുപത്രിയിൽ വിവാഹം; ദിയയ്ക്ക് താലിചാർത്തി ജിതിൻ; വിപിഎസ് ലേക്ഷോറിൽ വീണ്ടും 'മംഗല്യപ്പന്തൽ'

Published on 02 April, 2026
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശുപത്രിയിൽ വിവാഹം; ദിയയ്ക്ക് താലിചാർത്തി ജിതിൻ; വിപിഎസ് ലേക്ഷോറിൽ വീണ്ടും 'മംഗല്യപ്പന്തൽ'

കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ക്ഷേത്രമുറ്റത്ത് അസുഖത്തിന്റെ പരിമിതികളെ സ്നേഹം കൊണ്ട് തോൽപ്പിച്ച് വീണ്ടുമൊരു വിവാഹം. ഗാസ്‌ട്രോ സംബന്ധമായ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ദിയ ജി. പ്രഹ്ലാദിനെ കായംകുളം സ്വദേശി ജിതിൻ ജയൻ ജീവിതസഖിയാക്കി. വ്യാഴാഴ്ച രാവിലെ 10.30-നും 11-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ആശുപത്രി അധികൃതരുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഈ ലളിതമായ ചടങ്ങ് നടന്നത്.

​മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ച വിവാഹമായിരുന്നു ദിയയുടേയും ജിതിന്റേയും. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിയയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. വിവാഹനിശ്ചയിച്ച ദിവസം യാത്ര ചെയ്യാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ കല്യാണം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചത്. കായംകുളത്തെ ഓഡിറ്റോറിയത്തിൽ ബന്ധുക്കൾക്കായി സൽക്കാരം നടക്കുമ്പോൾ, ആശുപത്രിയിലെ കരുതലിൽ ദിയയും ജിതിനും ഒന്നായി.

​ആശുപത്രി മാനേജ്‌മെന്റും ഡോക്ടർമാരും ദമ്പതികൾക്ക് എല്ലാവിധ പിന്തുണയും സൗകര്യങ്ങളും ഒരുക്കി നൽകി. വിപിഎസ് ലേക്ഷോർ എംഡി എസ്.കെ. അബ്ദുള്ള, സിഇഒ ജയേഷ് വി. നായർ എന്നിവർക്കൊപ്പം ദിയയെ ചികിത്സിക്കുന്ന ഡോ. എച്ച്. രമേഷ്, ഡോ. മായ പീതാംബരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഡോക്ടർമാർ തന്നെ താലിമാലയും പൂമാലയും എടുത്തുനൽകിയത് ചടങ്ങിന് മാറ്റുകൂട്ടി. കഴിഞ്ഞ നവംബറിലും സമാനമായ രീതിയിൽ അപകടത്തിൽപെട്ട വധുവിന് അത്യാഹിത വിഭാഗത്തിൽ വെച്ച് വിവാഹം നടന്നത് ലേക്ഷോറിൽ വലിയ വാർത്തയായിരുന്നു.

​സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറാണ് വരനായ ജിതിൻ. എംഎ ഇംഗ്ലീഷ് പൂർത്തിയാക്കി തുടർപഠനത്തിന് ഒരുങ്ങുകയാണ് ദിയ. പ്രതിസന്ധി ഘട്ടത്തിലും വിവാഹം മംഗളമായി നടത്താൻ സഹായിച്ച ആശുപത്രി അധികൃതരോട് ജിതിൻ നന്ദി രേഖപ്പെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനായി ദിയ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും തങ്ങൾക്ക് കരുത്തായെന്ന് ദമ്പതികൾ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക