
സുപ്രീം കോടതിയുടെ ചരിത്ര തീരുമാനത്തിലേക്ക് എത്തുന്ന ജന്മാവകാശ പൗരത്വ കേസ് എച്-1ബി വിസയിലും മറ്റും വന്നിട്ടുള്ള ഇന്ത്യൻ പ്രഫഷനലുകൾക്കു തലവേദനയാവുന്നു. 'താത്കാലിക സന്ദർശകർക്ക്' ജനിച്ച കുട്ടികൾക്കു പൗരത്വം അവകാശമാവുന്നില്ലെന്നു ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ച പശ്ചാത്തലത്തിലാണ് ഈ ആശങ്ക.
യുഎസിൽ ജനിക്കുക എന്നതിലുപരി, യുഎസിനോടു നേരിട്ട് ഉടൻ തന്നെ കൂറുണ്ടാവുക എന്നതാണ് പൗരത്വം നൽകുന്നതിനു പരിഗണനയാവേണ്ടതെന്നു സോളിസിറ്റർ ജനറൽ ജോൺ സാവർ കോടതിയിൽ വാദിച്ചു. താത്കാലിക വിസയിൽ വന്നവരുടെ മക്കൾക്ക് ആ യോഗ്യതയില്ല.
എച്-1 ബി വിസയിൽ ഏറ്റവുമധികം പേർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. പലരും വർഷങ്ങളോളം യുഎസിൽ കഴിയുകയും ഗ്രീൻ കാർഡ് തേടുകയും ചെയ്യുന്നു. അവരുടെ കുട്ടികൾ പലപ്പോഴും ജനിക്കുന്നത് യുഎസിലാണ്. ഇപ്പോഴത്തെ നിലയ്ക്ക് ആ കുട്ടികൾക്കു പൗരത്വം ലഭിക്കുന്നു.
ആ രീതിയെ ട്രംപ് ഭരണകൂടം എതിർക്കുന്നു.
ഭരണകൂട നിലപാടിനെ പല ജസ്റ്റിസുമാരും ചോദ്യം ചെയ്തു. കുട്ടി ജനിക്കുമ്പോൾ ഉദ്യോഗസ്ഥർ എങ്ങിനെയാണ് പൗരത്വം തീരുമാനിക്കുക എന്നവർ ചോദിച്ചു.
1898ലെ വോങ് കിം ആർക് കേസിൽ ഉണ്ടായ വിധി യുഎസിൽ ജനിച്ച ഒട്ടുമിക്ക കുട്ടികളും യുഎസ് പൗരന്മാരാവുന്നു എന്നാണ്. മാതാപിതാക്കളുടെ ഇമിഗ്രെഷൻ സ്റ്റാറ്റസ് അതിൽ വിഷയമല്ല.
ഗ്രീൻ കാർഡിനു വേണ്ടി ദീർഘകാലം കാത്തു നിൽക്കുന്ന ഇന്ത്യക്കാരുടെ മക്കൾ യുഎസ് പൗരത്വത്തിന്റെ പ്രയോജനം ലഭിക്കുന്നവരാണ്. ആ നിയമം മാറിയാൽ അവർ കഷ്ടത്തിലാവും.
US citizenship case worries H-1B families