Image

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; വോട്ടർമാരെ കയ്യിലെടുക്കാൻ യുഡിഎഫിന്റെ 'നോ ബിൽ' പ്രകടനപത്രിക

Published on 02 April, 2026
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; വോട്ടർമാരെ കയ്യിലെടുക്കാൻ യുഡിഎഫിന്റെ 'നോ ബിൽ' പ്രകടനപത്രിക

​'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പ്രകാശനം ചെയ്തത്. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയുടെ പ്രധാന ആകർഷണം. ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

​ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർക്ക് ബെഡ് അവകാശമായി പ്രഖ്യാപിക്കുമെന്നും ആരും നിലത്ത് കിടക്കേണ്ടി വരില്ലെന്നും പത്രിക ഉറപ്പുനൽകുന്നു. പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ രോഗികൾക്ക് പണമടയ്ക്കേണ്ടി വരാത്ത 'നോ ബിൽ' ആശുപത്രികൾ സ്ഥാപിക്കും. സ്ത്രീകൾക്കായി ഷീ ഹോസ്പിറ്റലുകളും വൃദ്ധരായ സ്ത്രീകൾക്കായി 'അമ്മവാടി' പദ്ധതിയും നടപ്പിലാക്കും. കൂടാതെ ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കും. എല്ലാ പഞ്ചായത്തുകളിലും ആംബുലൻസ് സൗകര്യം ലഭ്യമാക്കുമെന്നും പത്രികയിൽ പറയുന്നു.

​വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാൻ അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിക്കും. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്പും നിയമവും (സിദ്ധാർത്ഥൻ ആക്ട്) നടപ്പിലാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, അർഹരായ കുട്ടികൾക്ക് വിദേശ പഠനത്തിന് കെ.ആർ. നാരായണൻ സ്കോളർഷിപ്പ് എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്. യുവാക്കൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും. കുടുംബശ്രീ മാതൃകയിൽ യുവാക്കൾക്കായി 'യുവശ്രീ' എന്ന പദ്ധതിയും യുഡിഎഫ് മുന്നോട്ടുവെക്കുന്നു.

​തൊഴിൽ മേഖലയിലും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായും ഒട്ടേറെ പദ്ധതികൾ പത്രികയിലുണ്ട്. ആശാ വർക്കർമാരുടെ വേതനം 700 രൂപയായും പാചക തൊഴിലാളികളുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും ചെയ്യും. തീരദേശ മേഖലയ്ക്കായി മിഷൻ സമുദ്ര, കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സംവിധാനം ഉറപ്പാക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക