
ഇറാനിൽ എക്കാലത്തെയും അപേക്ഷിച്ചു വമ്പിച്ച വിജയമാണ് അമേരിക്കൻ സൈന്യം കൈവരിച്ചതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച രാത്രി രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ നേടിയെന്നു പ്രസിഡന്റ് പറഞ്ഞു. "ഇറാന്റെ നാവിക സേന ഇല്ലാതായി, വ്യോമസേന താറുമാറായി. അവരുടെ ഭീകര ഭരണകൂടത്തെ നയിച്ച നേതാക്കളിൽ ഒട്ടു മിക്കവാറും മരിച്ചു," അദ്ദേഹം പറഞ്ഞു.
"നമ്മൾ വളരെ വേഗത്തിൽ ഈ യുദ്ധം തീർക്കും, നമ്മൾ അതിനോടു വളരെ അടുത്തു കൊണ്ടിരിക്കയാണ്. അടുത്ത രണ്ടു മൂന്നാഴ്ച്ച ഇറാനെ അതികഠിനമായി ആക്രമിക്കും." ഒത്തുതീർപ്പിനു അവർ മടിച്ചാൽ ഇറാനിലെ ഓരോ പവർ പ്ലാന്റും ഭസ്മമാക്കും.
നേരത്തെ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ, യുഎസ് വളരെ വേഗം ഇറാൻ വിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണമാറ്റം ഒരിക്കലും യുദ്ധത്തിന്റെ ലക്‌ഷ്യം ആയിരുന്നില്ലെന്നു ട്രംപ് വാദിച്ചു. എന്നാൽ ഇറാന്റെ നേതാക്കളൊക്കെ മരിച്ചതു കൊണ്ട് അതു സാധ്യമായെന്നു അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ വെടിനിർത്തലിനു ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തെ ട്രൂത് സോഷ്യലിൽ കുറിച്ചു. എന്നാൽ അതു അടിസ്ഥാനരഹിതമാണെന്നു ഇറാൻ ചൂണ്ടിക്കാട്ടി.
ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സിയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ താൻ സംസാരിക്കുമ്പോൾ അടിച്ചു തകർത്തു കൊണ്ടിരിക്കയാണെന്നു ഒരു മാസം മുൻപ് ആരംഭിച്ച യുദ്ധത്തെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ നൽകാൻ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത ട്രംപ് അവകാശപ്പെട്ടു.
"മിസൈലുകളൂം ഡ്രോണുകളും വിക്ഷേപിക്കാനുള്ള അവരുടെ കഴിവ് നാടകീയമായി കുറഞ്ഞു, അവരുടെ ആയുധ ഫാക്ടറികളും റോക്കറ്റ് വിക്ഷേപണ തറകളും ഛിന്നഭിന്നമായി."
രാജ്യത്തുള്ള ആശങ്ക അറിയാം
ഇന്ധന വിലകൾ ഉയരുന്നതിൽ രാജ്യത്തുള്ള ആശങ്ക തനിക്കറിയാമെന്നു ട്രംപ് പറഞ്ഞു.
ഹോർമുസ് വഴി യുഎസ് എണ്ണ കൊണ്ടുവരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ആ കടലിടുക്ക് തുറപ്പിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തമാണ്."
സ്വന്തം ജനങ്ങളിൽ 45,000 പേരെ കൊന്നൊടുക്കിയ കൊലയാളികളാണ് ഇറാൻ ഭരിച്ചതെന്നു ട്രംപ് ആരോപിച്ചു. "അത്തരമൊരു ഭരണകൂടം അണ്വായുധം നിർമിക്കുന്നത് അനുവദിക്കാൻ കഴിയാത്ത ഭീഷണിയാണ്."
യൂറോപ്പിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കയായിരുന്നു എന്നു ട്രംപ് പറഞ്ഞു. "ഞാൻ പ്രസിഡന്റാവുന്നതിനു വളരെക്കാലം മുൻപ് അത് തീർക്കേണ്ടതായിരുന്നു." മുൻ പ്രസിഡന്റുമാരുടെ ഇറാൻ നയത്തെ വിമർശിച്ച അദ്ദേഹം അവരുമായി ആണവ കരാർ ഉണ്ടാക്കിയ പ്രസിഡന്റ് ഒബാമയെ എടുത്തു പറഞ്ഞു വിമർശിച്ചു.
പ്രസംഗത്തിനു മുൻപ് അദ്ദേഹം റോയിട്ടേഴ്സിനോടു പറഞ്ഞു: "ഞാൻ എത്ര മഹാനായ പ്രസിഡന്റ് ആണെന്നു ഞാൻ ജനങ്ങളോട് വിശദീകരിക്കും."
അമേരിക്കയ്ക്ക് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
യുദ്ധത്തിൽ മരിച്ച യുഎസ് സൈനികരെ ആദരിക്കുമെന്നു അദ്ദേഹം ഉറപ്പു നൽകി.
Trump says core aims achieved, war will end soon