Image

എന്‍ഡിഎയുടെ പ്രകടന പത്രിക കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും :  സാബു എം.ജേക്കബ്

Published on 01 April, 2026
എന്‍ഡിഎയുടെ പ്രകടന പത്രിക കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കും :  സാബു എം.ജേക്കബ്

 

കിഴക്കമ്പലം: സംസ്ഥാന നിയമ സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മുന്നണികള്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഏറ്റവും മികച്ചതും കേളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ പ്രകടന പത്രിക എന്‍ഡിഎയുടേതാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്താന്‍ ട്വന്റി20 പാര്‍ട്ടി നടപ്പാക്കി വിജയിച്ച ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കേരളത്തിലെമ്പാടും നടപ്പാക്കും.

ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ വരുന്ന കാലതാമസം മറികടക്കാന്‍ വീട്ടമ്മമാര്‍ക്ക് ഭക്ഷ്യസുരക്ഷാ കാര്‍ഡ് നല്‍കും. മാസം 2500 രൂപ വീതം വര്‍ഷത്തില്‍ 30000 രൂപയുടെ സാമ്പത്തിക സഹായം ഇതിലൂടെ ഓരോ കുടുംബത്തിനും ലഭിക്കും. ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റിനൊപ്പം എല്ലാ പഞ്ചായത്തിലും 50 ശതമാനം വിലക്കുറവില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പുറമെ എല്ലാ പഞ്ചായത്തുകളിലും ഇരുപത്തിനാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയും സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാക്കും. ഓണത്തിനും ക്രിസ്മസിനും വര്‍ഷത്തില്‍ ഓരോ പാചക വാതക

സിലിണ്ടറുകള്‍ വീതം സൗജന്യമാക്കും. ഒരുകുടുംബത്തിന് 20000 ലിറ്റര്‍ കുടിവെള്ളം സൗജന്യമാക്കും. കൂടാതെ വൈദ്യുതി ബില്ലില്‍ 50 ശതമാനം വരെ സബ്‌സിഡി നല്‍കും. കേന്ദ്രത്തിന്റെ  70 വയസ് കഴിഞ്ഞവര്‍ക്കുള്ള  5 ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ പി.എം.ജെ.വൈ പദ്ധതി കേരളത്തിലും നടപ്പാക്കും. കേരളത്തില്‍ എയിംസ് കൊണ്ടുവരും. സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം എഴുപത് വയസ് കഴിഞ്ഞവര്‍ക്കും, വിധവകള്‍, ഗൃഹനാഥകള്‍ എന്നിവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപ ലഭിക്കും.

റബ്ബര്‍, കാപ്പി, കശുവണ്ടി, വാഴ, നെല്ല് കര്‍ഷകര്‍ക്ക് കൈത്താങ്ങായി സബ്‌സിഡി നേരിട്ട് അവരുടെ അക്കൗണ്ടില്‍ ലഭ്യമാക്കും. കൃഷി ഭൂമിയില്‍ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ മരങ്ങള്‍ നട്ട് വളര്‍ത്തുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനുമുളള നിയമ നിര്‍മ്മാണം നടത്തും. 

നിര്‍ദ്ധനരായവരുടെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസുവരെ സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കും. ഒപ്പം കുട്ടികള്‍ക്ക് പാഠ്യവിഷയങ്ങള്‍ക്കപ്പുറം പ്രായോഗിക പരിജ്ഞാനവും ലഭ്യമാക്കും.ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിലും പുറത്തും പോകുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. 

കേരളത്തിലെ മുഴുവന്‍ റോഡുകളിലും ഓട്ടോമേറ്റഡ് എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ച് സ്ത്രീസുരക്ഷ ഉറപ്പാക്കും. ഒപ്പം കേരളത്തെ തെരുവ് നായ മുക്തവുമാക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കും. കുറ്റകൃത്യങ്ങളോടും, മയക്കുമരുന്ന് വ്യാപനത്തോടും യാതൊരുവിട്ടുവീഴ്ചയും ചെയ്യില്ല. പോലീസ് സ്‌റ്റേഷനുകളെ രാഷ്ട്രീയ മുക്തമാക്കും. അടുത്ത ഏഴ് വര്‍ഷത്തിനകം കേരളത്തെ ലഹരി വിമുക്ത സംസ്ഥാനമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. 

എല്ലാ ജില്ലകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ഇവിടെനിന്നും വൈദ്യുതി ഉത്പാദനവും സാധ്യമാക്കും. 

തമിഴ്‌നാടിന് വെള്ളവും, മധ്യകേരളത്തിലെ 80 ലക്ഷം ജനങ്ങള്‍ക്ക് സുരക്ഷയും പ്രധാനം ചെയ്യുന്നതിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭീഷണി ശാശ്വതമായി  പരിഹരിക്കും.  തീരദേശത്തെ 9 ലക്ഷത്തിലധികം ജനങ്ങളുടെ സുരക്ഷയ്ക്കായി കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണ ഭീഷണി പൂര്‍ണ്ണമായും തടയും. നൂറുശതമാനം മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലതാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, തൊഴില്‍ സംസ്‌കാരം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് ഓരോ തൊഴിലിനും തൊഴില്‍ സബ്‌സീഡി ഒരുലക്ഷം രൂപ വീതം നല്‍കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 10 മുതല്‍ 20 ലക്ഷം പുതിയ തൊഴില്‍ ലഭ്യത ഉറപ്പാക്കും. കേരളത്തിലെ യുവാക്കള്‍ കേരളം വിട്ടുപോകുന്നതിനെ ഇതിലൂടെ തടയാനും സാധിക്കും. 

കേരളത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും അടുത്ത 10 വര്‍ഷം കൊണ്ട് മെട്രോ കണക്ടിവിറ്റി, ഫ്‌ളൈ ഓവറുകള്‍, റിങ്ങ് റോഡുകള്‍ എന്നിവ നിര്‍മ്മിക്കും. കൂടാതെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം, ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍ എന്നിവയും സാധ്യമാക്കും. 

സര്‍ക്കാര്‍ സേവനങ്ങള്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കൂടുതല്‍ കാര്യക്ഷമമാക്കും. 

കടബാധ്യത കുറയ്ക്കാനുള്ള യാതൊരു കര്‍മ്മ പദ്ധതികളും ഇടത്-വലത് മുന്നണികളുടെ പ്രകടന പത്രികളില്‍ ഇല്ല. കേരളത്തിന്റെ പൊതുകടം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അടത്ത 8 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കും. ഒമ്പതാം വര്‍ഷം കേരളത്തില്‍ മിച്ച ബഡ്റ്റ് അവതരിപ്പിക്കും. കിഴക്കമ്പലം പഞ്ചായത്തില്‍  ട്വന്റി20 അധികാരമേല്‍ക്കുമ്പോള്‍ 39 ലക്ഷത്തിന്റെ കടമുണ്ടായിരുന്നു. 10 വര്‍ഷത്തെ  ട്വന്റി20 ഭരണത്തില്‍ 32 കോടി രൂപ നീക്കിയിരിപ്പാണുള്ളത്. ഈ മാതൃക എന്‍ഡിഎ സര്‍ക്കര്‍ അധികാരത്തിലെത്തിയാല്‍ കേരളമൊട്ടാകെ നടപ്പാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക