
ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറിൽ ഏർപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾ വളരെ വേഗം ഇറാൻ വിടും, രണ്ട് ആഴ്ച അല്ലെങ്കിൽ പരമാവധി മൂന്നാഴ്ചയ്ക്കുള്ളിൽ ദൗത്യം പൂർത്തിയാക്കി മടങ്ങാനാണ് ലക്ഷ്യമിടുന്നത്,' എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.
ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് വ്യക്തമാക്കി. ഇറാനുമായി ഒരു ഔദ്യോഗിക കരാറോ ഉടമ്പടിയോ ഇല്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു. സൈനിക നടപടിയുടെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കപ്പെട്ടു എന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെടണമെന്ന് നിർബന്ധമില്ലെന്ന് ട്രംപ് പറഞ്ഞു. ഏകപക്ഷീയമായി തന്നെ യുഎസ് പിന്മാറ്റത്തിന് തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. വരും ആഴ്ചകളിൽ തന്നെ സംഘർഷത്തിന് വിരാമമിടാൻ കഴിയുമെന്നാണ് വൈറ്റ്ഹൗസിന്റെ പ്രതീക്ഷ.
അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി അൽ ജസീറയോട് പ്രതികരിക്കവെ, അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ വാഷിങ്ടണുമായി യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി