
കോട്ടയം : പെസഹാ വ്യാഴം, ദു:ഖവെള്ളി ദിനങ്ങളിലെ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ നിന്ന് ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയും, ജീവനക്കാരെയും ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ മറ്റൊരുദിവസം ഇതിനായി മാറ്റിവെക്കണം. പെസഹാ വ്യാഴവും, ദു:ഖവെള്ളിയും ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് പരമപ്രധാനമായ ആത്മീയദിനങ്ങളാണ്. ഈ ദിനങ്ങൾ ലക്ഷ്യം വെച്ച് പരീക്ഷകൾ പോലും നടത്തുന്നതിനുള്ള നീക്കങ്ങളുണ്ടായി എന്നത് സങ്കടകരമാണ്.
ദേവാലയങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി പ്രാർത്ഥനാപൂർവ്വം വേർതിരിച്ചിരിക്കുന്ന ദിനങ്ങളിൽ സംബന്ധിക്കുവാനുള്ള അവകാശത്തെ കവർന്നെടുക്കുന്നത് നീതികരിക്കാനാവില്ലെന്നും അഡ്വ.ബിജു ഉമ്മൻ പ്രതികരിച്ചു.