Image

കുവൈറ്റിൽ കുടുങ്ങി കിടന്ന 20 പ്രവാസികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊച്ചിയിലെത്തിച്ചു

Published on 01 April, 2026
കുവൈറ്റിൽ കുടുങ്ങി കിടന്ന 20 പ്രവാസികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊച്ചിയിലെത്തിച്ചു

എറണാകുളം: പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സമയത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊച്ചിയിലെത്തിച്ചു. സംഘർഷത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങി കിടന്ന 20 പ്രവാസികളുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

ഇന്നലെ (മാർച്ച് 31) രാത്രി 11 മണിക്കാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കൊച്ചിയിലെത്തിയത്. വിവിധ കാരണങ്ങളാൽ കുവൈറ്റിൽ ഈയടുത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണവ. കുവൈത്തിലെ ജല ശുദ്ധീകരണ ശാലയ്ക്കു നേരേ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് രാമനാഥപുരം മുത്തുകുളത്തൂർ സ്വദേശി സന്താനസെൽവം കൃഷ്‌ണൻ്റെ അടക്കം 15 മൃതദേഹങ്ങൾ തമിഴ്‌നാട് സ്വദേശികളുടേതാണ്. കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള അഞ്ച് മലയാളികളുടെ മൃതദേങ്ങളും അവയിൽ ഉൾപ്പെടുന്നു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകളിൽ ഉണ്ടായ തടസത്തെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടന്ന മൃതദേഹങ്ങളാണ് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചത്. കൊച്ചിയിലെത്തിയ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി വൈകി ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

കുവൈറ്റ് എയർവേയ്‌സിൻ്റെ KU 5632 വിമാനത്തിലാണ് ഭൗതികദേഹങ്ങൾ കൊണ്ടുവന്നത്. കുവൈറ്റിൽ നിന്ന് കൊളംബോ വഴി കൊച്ചിയിലേക്കാണ് (KWI/CMB/COK) ഈ വിമാനം എത്തിയത്. 20 ഭൗതികദേഹങ്ങളും ഒരേ വിമാനത്തിൽ തന്നെ എത്തിച്ചത് ഈ ദൗത്യത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. തുടർന്ന് വിവിധ ജില്ലകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോവുകയും ചെയ്‌തു. മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക