Image

ആലപ്പുഴ പുന്നപ്ര-വയലാർ സമരസേനാനികളുടെ മണ്ണ്, പാർട്ടിക്കൊപ്പം അവശ്യ ഘട്ടങ്ങളിലൊക്കെ ഉറച്ചുനിന്ന ജില്ല; എല്‍ഡിഎഫിന്‍റെ ഒരു വോട്ട് പോലും കുറയ്ക്കാന്‍ സുധാകരനു കഴിയില്ലെന്ന് പിണറായി

Published on 01 April, 2026
ആലപ്പുഴ പുന്നപ്ര-വയലാർ  സമരസേനാനികളുടെ മണ്ണ്, പാർട്ടിക്കൊപ്പം അവശ്യ ഘട്ടങ്ങളിലൊക്കെ ഉറച്ചുനിന്ന ജില്ല; എല്‍ഡിഎഫിന്‍റെ ഒരു വോട്ട് പോലും കുറയ്ക്കാന്‍ സുധാകരനു കഴിയില്ലെന്ന് പിണറായി

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കേണ്ടി വന്നത് കോൺഗ്രസിന്‍റെയും യുഡിഎഫ് മുന്നണിയുടെയും ഗതികേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ പാർട്ടി ഏതെങ്കിലും ഒരു വ്യക്തിയെ ചാരിയല്ല നിൽക്കുന്നതെന്നും പാർട്ടിയുടെയും മുന്നണിയുടെയും ഒരോട്ടു പോലും കുറയ്ക്കാൻ സുധാകരന്‍റെ അവസരവാദ നിലപാടിന് കഴിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയിൽ നിന്ന് 5000 വോട്ട് കിട്ടുമെന്ന് പറയുന്നതിലൂടെ പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഘട്ടത്തിൽ ബിജെപിയുമായും ചർച്ച നടന്നുവെന്നത് വ്യക്തമാണ്. ഫലത്തിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയാണ് സുധാകരൻ. സിപിഎമ്മിൽ നിന്ന് 15000 വോട്ട് കിട്ടുമെന്ന് പറയുന്നത് കോൺഗ്രസ് ക്യാമ്പിനെ തൃപ്തിപ്പെടുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലുടനീളം സുധാകരന്‍റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ കണ്ണൂരിലെ അഞ്ച് സുരക്ഷിത മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്നും ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി അമ്പലപ്പുഴയിൽ മത്സരിക്കാൻ വരട്ടെയെന്നുമുള്ള സുധാകരന്‍റെ വെല്ലുവിളിയെ കുറിച്ചുള്ള ചോദ്യത്തിന്, "ഞങ്ങളുടെ കൂട്ടത്തിലായിരുന്നല്ലോ അദ്ദേഹം നേരത്തെ ഉണ്ടായിരുന്നത്, അന്നൊന്നും അദ്ദേഹം ഇങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നില്ല" എന്നായിരുന്നു മറുപടി. ഈ പറഞ്ഞയാൾ ഇതിലും അപ്പുറം പറയും. കാരണം എത്തിപ്പെട്ട ക്യാമ്പ് അതാണ്. ആ ക്യാമ്പിൽ നിന്ന് പൂർണ്ണ പിന്തുണ കിട്ടണമെങ്കിൽ ആ ക്യാമ്പിന്‍റെ ആളായെന്നു വരുത്തണം.

വിദ്യാർഥി ജീവിതം മുതൽ ഞങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു വന്ന ആളാണല്ലോ. ആ ഘട്ടങ്ങളിലൊക്കെ എതിർക്കേണ്ടി വന്നിട്ടുള്ളത് കോൺഗ്രസിനെയാണ്. ഇപ്പോൾ കോൺഗ്രസിന്‍റെ തൊപ്പിയാണല്ലോ എടുത്ത് തലയിലിട്ടത്. ആ കോൺഗ്രസ്സിനെ നല്ല നിലയിൽ തൃപ്തിപ്പെടുത്താനുള്ള വഴി 'ഞാൻ പഴയ ആളല്ല, പുതിയ ആളാണ്' എന്ന് തെളിയിക്കലാണ്. അതിനുവേണ്ടി പഴയതിനെയെല്ലാം തള്ളിപ്പറയുകയാണ്. അതിനാണ് ഇത്തരത്തിലുള്ള വെല്ലുവിളികളൊക്കെ ഉയർത്തുന്നത്. അത് അങ്ങനെയേ വരൂ എന്ന് കരുതിയാൽ മതി. ഇതിലും കൂടുതൽ ജീർണ്ണതയിലേക്ക് അദ്ദേഹം പോയേക്കാമെന്നാണ് തോന്നുന്നത്.

ആലപ്പുഴ പുന്നപ്ര-വയലാറിലെ സമരസേനാനികളുടെ മണ്ണാണ്. പാർട്ടിക്ക് ആവശ്യമായ ഘട്ടങ്ങളിലൊക്കെ ശക്തമായി ഉറച്ചുനിന്ന ജില്ലയാണ് ആലപ്പുഴ. ഇവിടുത്തെ പ്രസ്ഥാനത്തിന്‍റെ കരുത്ത് അതാണ്. അവരുടെ പാർട്ടി കൂറ് വളരെ വലുതാണ്. ഏതെങ്കിലും ഒരാളെ ചാരിയല്ല ആലപ്പുഴയിൽ പൊതുജനങ്ങളും പാർട്ടി സഖാക്കളും നിൽക്കുന്നത്. പാർട്ടി സഖാക്കളെക്കാൾ ആവേശവും പ്രതിബദ്ധതയും കാണിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ഒരു പ്രതിസന്ധി ഘട്ടത്തിൽ മുന്നിലേക്കുവരുന്ന ജനങ്ങളെ അത്ഭുതാദരങ്ങളോടെ മാത്രമേ കാണാനാകൂ. ഇവിടെ ഒരോട്ടു പോലും അവസരവാദികളുടെ നിലപാടിന്‍റെ ഭാഗമായി കുറയില്ലെന്ന് കണ്ടോളണം.

തനിക്ക് ബിജെപിയിൽ നിന്ന് 5000 വോട്ടും സിപിഎമ്മിൽ നിന്ന് 15000 വോട്ടും കിട്ടുമെന്ന സുധാകരന്‍റെ അവകാശവാദത്തെ കുറിച്ചുള്ള ചോദ്യത്തിന്, "കോൺഗ്രസ്സ് അദ്ദേഹത്തെ സ്വീകരിച്ചതിലുള്ള ഒരു ദയനീയതയുണ്ടല്ലോ അത് വേറെ കാണണം" എന്നായിരുന്നു മറുപടി. ഇത് ഒരു സുപ്രഭാതത്തിൽ നടന്നതായിരിക്കില്ല. ഇതിനു മുൻപായി ധാരാളം ആലോചനകൾ നടന്നിട്ടുണ്ടാകും. ആ ആലോചനയിൽ കോൺഗ്രസ്സിനെ തൃപ്തിപ്പെടുത്തിയ കണക്കായിരിക്കും ഇത്. താൻ സിപിഎമ്മിൽ നിന്ന് മാറിയാൽ 15000 വോട്ട് അടർന്ന് തന്നോടൊപ്പം വരുമെന്നായിരിക്കും ആലോചന വേളയിൽ പറഞ്ഞിട്ടുണ്ടാവുക. അത് കോൺഗ്രസ്സിനും നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടാകും.

ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്ന് പറയുമ്പോൾ അദ്ദേഹം ബിജെപിയുടെ കൂടി സ്ഥാനാർത്ഥി എന്ന നിലയിലാണ് വരുന്നത്. അങ്ങനെയൊരു ആലോചന ബിജെപിക്കാരുമായും നടത്തിയിട്ടുണ്ടാകുമല്ലോ. ബിജെപിക്ക് എന്തൊക്കെ ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് എങ്ങനെ അറിയാൻ പറ്റും? കോൺഗ്രസ്സ് സ്ഥാനാർത്ഥി എന്ന മട്ടിലാണ് വന്നിട്ടുള്ളതെങ്കിലും ബിജെപിയുടെ കൂടി വോട്ട് നേടാൻ സ്വതന്ത്ര വേഷമാണ് നല്ലതെന്നത് സുധാകരന്‍റെ അഭിപ്രായമാണോ കോൺഗ്രസിന്‍റെ അഭിപ്രായമാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി കൂടി ചേർന്നു കൊണ്ടുള്ള ഒരു സ്ഥാനാർത്ഥിയാണ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയെന്ന കാര്യം വ്യക്തമാണല്ലോ. അമ്പലപ്പുഴ കുറെ കാലമായി എൽഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. ഇവിടെ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയുടെ കൂടി സഹായം തേടുക എന്നത് എന്ത് ഗതികേടാണ്! കോൺഗ്രസ്സും യുഡിഎഫും കാണിച്ച ഗതികേട് അങ്ങേയറ്റം പാപ്പരായ ഒന്നാണ്. ഇതിൽപ്പരം ഗതികേട് ഒരു സ്ഥാനാർത്ഥിക്കോ മുന്നണിക്കോ വരാനുണ്ടോ? ഇത്തരമൊരാളെ സ്വീകരിച്ച് എൽഡിഎഫിനെ തകർക്കാമെന്നാണെങ്കിൽ അത് വ്യാമോഹമാണ്. അമ്പലപ്പുഴ ഇതുവരെയും എൽഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്, ഇത്തവണയും എൽഡിഎഫിനൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. എൽഡിഎഫ് സ്ഥാനാർത്ഥി സലാം നല്ല നിലയ്ക്ക് ജയിച്ചുവരിക തന്നെ ചെയ്യും.മുഖ്യമന്ത്രി  പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക