
ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്ക, സ്‌പെയിൻ, ഇറ്റലിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രകളും, സന്ദർശനങ്ങളും ഉൾപ്പെടെ വിവിധ കർമ്മപരിപാടികൾ ഉൾപ്പെടുത്തി അടുത്ത ജൂലൈ മാസം വരെയുള്ള കലണ്ടർ പ്രസിദ്ധീകരിച്ചു.
വിശുദ്ധവാരത്തിന്റെ ആത്മീയ ആഘോഷങ്ങൾക്ക് ശേഷം, പാപ്പാ, ഏപ്രിൽ മാസം പതിമൂന്നു മുതൽ ഇരുപത്തിമൂന്നു വരെ നീണ്ടു നിൽക്കുന്ന ആഫ്രിക്കൻ സന്ദർശനത്തിനായി യാത്ര തിരിക്കും. സന്ദർശനവേളയിൽ, വിശുദ്ധ അഗസ്റ്റിന്റെ ജന്മദേശവും, മെത്രാനടുത്ത ശുശ്രൂഷ ചെയ്തതുമായ അൾജീറിയയും ഉൾപ്പെടുന്നുവെന്നത്, ഏറെ ശ്രദ്ധേയമാണ്. തുടർന്ന്, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളും പാപ്പാ സന്ദർശിക്കും.
ഏപ്രിൽ മാസത്തിൽ, ഈസ്റ്ററിന്റെ നാലാമത്തെ ഞായറാഴ്ചയായ 26-ാം തീയതി രാവിലെ 9:00 മണിക്ക് വത്തിക്കാൻ ബസിലിക്കയിൽ, നവവൈദികരുടെ അഭിഷേകകർമ്മത്തിനു പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും.
മെയ് മാസം രണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക്, റോമിലെ ലാറ്ററൻ ബസിലിക്കയിൽ വച്ച് നടക്കുന്ന മെത്രാഭിഷേക കർമ്മങ്ങൾക്ക് പാപ്പാ കാർമ്മികത്വം വഹിക്കും. എട്ടാം തീയതി, പരിശുദ്ധ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ പോംപെയിലും, നേപ്പിൾസ് നഗരത്തിലും പാപ്പാ സന്ദർശനം നടത്തും. പോംപെ ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ 10.30 നു വിശുദ്ധ ബലിയുമർപ്പിക്കും. അതേ മാസം 24 നു പെന്തക്കുസ്താ തിരുനാൾ ദിവസം വത്തിക്കാനിൽ പത്തു മണിക്കുള്ള വിശുദ്ധ കുർബാനക്ക് പാപ്പാ നേതൃത്വം നൽകും.
ജൂൺ മാസം 6 മുതൽ 12 വരെ, പാപ്പാ, തന്റെ നാലാമത് അപ്പസ്തോലിക സന്ദർശനം സ്പെയിനിലേക്ക് നടത്തും. ശേഷം, 20-ാം തീയതി ശനിയാഴ്ച, വിശുദ്ധ അഗസ്റ്റിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന, പവിയയിലെ, സാൻ പിയെത്രോ ചേലോ ദി ഓറോ ബസിലിക്കയിൽ സന്ദർശനം നടത്തും. 29 നു വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിവസം, പരിശുദ്ധ പിതാവ് വത്തിക്കാനിൽ വിശുദ്ധ ബലിയർപ്പിക്കുകയും, മെത്രാപ്പോലീത്താമാർക്കുള്ള പാലിയം നൽകുകയും ചെയ്യും.
ജൂലൈ മാസം നാലാം തീയതി, കുടിയേറ്റക്കാർ എത്തുന്ന ലാമ്പെദൂസ ദ്വീപിലേക്ക് പാപ്പാ സന്ദർശനം നടത്തും. താൽക്കാലിക ബോട്ടുകളിൽ നടത്തുന്ന കുടിയേറ്റ ശ്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരവധി പേരുടെ ഓർമ്മ ഉറങ്ങുന്ന ഇടമാണ് ലാമ്പെദൂസ. ഈ ദ്വീപിൽ ഫ്രാൻസിസ് പാപ്പാ എത്തിയതിന് 13 വർഷത്തിനുശേഷം, ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുന്ന വേളയിൽ, രാവിലെ വിശുദ്ധ ബലിയും അർപ്പിക്കും.