Image

നടിയുടെ ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത് 14 ദിവസം റിമാൻഡിൽ

Published on 01 April, 2026
നടിയുടെ ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത് 14 ദിവസം റിമാൻഡിൽ

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മരടിലെ സിവിൽ ജഡ്ജിന്റെ വീട്ടിലെത്തിച്ചാണ് പോലീസ് നടപടികൾ പൂർത്തിയാക്കിയത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള നടപടികൾ തുടരുന്നതിനിടെയാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നടിയുടെ പരാതിയിൽ പോലീസ് അതീവ രഹസ്യമായിട്ടായിരുന്നു മൊഴി രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെ കാരവനിൽവച്ച് കയറി പിടിച്ചെന്നായിരുന്നു നടി മൊഴി നൽകിയത്. ഈ മൊഴി ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. 

മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യം സിനിമയുടെ സെറ്റിലുള്ള ആഭ്യന്തര സമിതിക്കു മുൻപാകെ നടി പരാതി നൽകിയിരുന്നു. അവിടെ തീരുമാനമാകാതെ വന്നതോടെയാണ് നടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്ഐടിക്കും പരാതി നൽകിയത്. 

നടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പിടിയിലായതെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നടന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ കാർ തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തു വച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക