
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ഫറോക്കിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്‍റെ നാല് പല്ലുകൾ നഷ്‌ടപ്പെട്ടു. താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്‌ച രാത്രി 9.50 ഓടെ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം.
ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി ആലുവയിൽനിന്ന് വടകരയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഐശ്വര്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞ ആളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പൊലീസിന് ലഭ്യമായിട്ടില്ല.
സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സംശയകരമായ സാഹചര്യത്തിൽ കണ്ടവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. മുൻപും സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം ഇതേ പാതയിലൂടെ പോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയും ആക്രമണമുണ്ടായിരുന്നു.
കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിച്ച ശേഷം നിരവധി തവണ കല്ലേറുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂരിനും താനൂരിനും ഇടയിൽ വച്ചും കണ്ണൂർ ജില്ലയിലെ തലശേരിക്കും കണ്ണൂരിനും ഇടയിൽ വച്ചും വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ മുൻപ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2022 സെപ്റ്റംബറിൽ തിരുവനന്തപുരം എക്‌സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവാണ്.