
വാഷിങ്ടൺ, മാർച്ച് 31 : അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ (Birthright Citizenship) വ്യവസ്ഥ നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന സുപ്രധാന കേസിൽ വാദം കേൾക്കാൻ യു.എസ്. സുപ്രീം കോടതി തയ്യാറായി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭരണഘടനാ വ്യാഖ്യാനങ്ങളെ തന്നെ ബാധിക്കാവുന്ന നിർണായക കേസായതിനാൽ ഇതിന് വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.
അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവരുടെയോ താൽക്കാലിക വിസയിൽ കഴിയുന്നവരുടെയോ കുട്ടികൾക്ക് ജനനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിക്കാൻ ഫെഡറൽ ഏജൻസികളെ നിർദ്ദേശിക്കുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവാണ് കേസിന്റെ കേന്ദ്ര വിഷയമായി മാറിയത്. കീഴ്കോടതികൾ ഇതിനകം ഉത്തരവ് തടഞ്ഞതോടെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.
അമേരിക്കൻ ഭരണഘടനയിലെ 14-ാം ഭേദഗതിയിൽ അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ മക്കൾക്ക് പൗരത്വം നൽകുന്ന ഈ വ്യവസ്ഥയാണ് ജന്മാവകാശ പൗരത്വത്തിന് നിയമപരമായ അടിസ്ഥാനം.
ട്രംപ് ഭരണകൂടം പറയുന്നത് ഭരണഘടനയിലെ ഈ വ്യവസ്ഥ എല്ലാ വിദേശ പൗരന്മാരുടെയും കുട്ടികൾക്ക് ബാധകമല്ല എന്നതാണ്. സ്ഥിര താമസ പദവി ഇല്ലാത്തവരുടെ കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകേണ്ടതില്ലെന്ന നിലപാടാണ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, സിവിൽ റൈറ്റ്സ് സംഘടനകളും നിരവധി സംസ്ഥാനങ്ങളും ഉത്തരവിനെതിരെ രംഗത്തുണ്ട്. ഭരണഘടനയെ മറികടക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിന് കഴിയില്ലെന്നും 1898-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് വോങ് കിം ആർക് വിധി ഉൾപ്പെടെയുള്ള മുൻകാല വിധികൾ ജന്മാവകാശ പൗരത്വത്തെ പിന്തുണയ്ക്കുന്നുവെന്നും അവർ വാദിക്കുന്നു.
1868-ൽ ആഭ്യന്തര യുദ്ധത്തിന് ശേഷം അടിമകളായിരുന്നവർക്കും അവരുടെ സന്തതികൾക്കും പൗരത്വം ഉറപ്പാക്കുന്നതിനായാണ് 14-ാം ഭേദഗതി ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അതിനാൽ ഈ കേസിലെ വിധി അമേരിക്കൻ പൗരത്വത്തിന്റെ അടിസ്ഥാന ആശയത്തെയും കുടിയേറ്റ നയങ്ങളെയും നേരിട്ട് ബാധിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
കോടതി ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ചാൽ ജന്മാവകാശ പൗരത്വത്തിന്റെ പരിധി ചുരുങ്ങാൻ സാധ്യതയുണ്ട്. വർഷംതോറും ആയിരക്കണക്കിന് കുട്ടികളുടെ പൗരത്വ നിലപാടിനെ ഇത് ബാധിക്കാവുന്നതാണ്.
ഈ കേസിൽ സുപ്രീം കോടതി ഈ വർഷം തന്നെ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭരണഘടനാ വ്യാഖ്യാനത്തിൽ പതിറ്റാണ്ടുകൾക്കുശേഷമുള്ള ഏറ്റവും നിർണായകമായ വിധികളിലൊന്നായി ഇത് മാറാനിടയുണ്ടെന്നാണ് നിരീക്ഷണം.