Image

യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചു വരും: മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമാകും; എ. കെ. ആന്റണി

Published on 31 March, 2026
 യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചു വരും: മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമാകും; എ. കെ. ആന്റണി

കേരളത്തിൽ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ. ആൻറണി. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞെന്നും ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ പോയെ തീരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരണക്കാർക്ക് അദൃശ്യനാണ് എന്നും ആന്റണി പറഞ്ഞു.

‘സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു. ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി. വിമർശനങ്ങളെ വെറുക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. യുഡിഎഫിന് വലിയ പ്രചാരണം വേണ്ട. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു.

‘യുഡിഎഫിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്. തുടർഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്. മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയിരിക്കും’ എന്നും ആന്റണി പറഞ്ഞു.

‘പണ്ട് വിമതർ കോൺഗ്രസിലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുകയാണ്. ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല. കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുന്നത് ബിജെപിയ്ക്ക് ഇഷ്ടമല്ല. മോദിക്ക് പ്രിയങ്കരനാണ് പിണറായി. കേരളത്തിൽ സിപിഎം ബിജെപി അന്തർധാര ഉണ്ട് ‘ അദ്ദേഹം കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക