
കലിഫോർണിയ ഗവർണർ മത്സരത്തിൽ മുന്നിൽ നിൽക്കുന്ന ഡെമോക്രാറ്റ് റെപ്. എറിക് സാൽവലിനെ കരിതേക്കാൻ പതിറ്റാണ്ടുകൾ പഴക്കമുള്ള ആരോപണങ്ങൾ ചികഞ്ഞെടുക്കാൻ എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ മുൻകൈയെടുത്തത് വിവാദമാവുന്നു. പ്രസിഡന്റ് ട്രംപിന്റെ കടുത്ത വിമർശകൻ കൂടിയായ സ്വാൽവെലിനെതിരെ ചൈനീസ് ചാരനുമായി ബന്ധമുണ്ടെന്ന പഴയ ആരോപണം ഉഷാറാക്കാൻ പട്ടേൽ സാൻ ഫ്രാൻസിസ്‌കോ ഫീൽഡ് ഓഫിസിനു നിർദേശം നൽകിയെന്നു 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
യുഎസ് ഹൗസ് എത്തിക്സ് കമ്മിറ്റി 2023ൽ തെളിവില്ലെന്നു കണ്ടു അടച്ചു വച്ച കേസിൽ ഉൾപ്പെട്ട ചൈനീസ് ചാരൻ ക്രിസ്റ്റിൻ ഫാങ്ങിനെ ചൈനയിൽ നിന്നായാലും കണ്ടെത്തി കേസ് സജീവമാക്കണം എന്നാണ് പട്ടേലിന്റെ നിർദേശം.
"കാലിഫോർണിയയിലെ അടുത്ത ഗവര്ണറാവും എന്നു ട്രംപ് ഭയപ്പെടുന്ന ഒരൊറ്റ സ്ഥാനാർഥി മാത്രമേയുള്ളൂ," ട്രംപിന്റെ ആദ്യ ഭരണകാലത്തു അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്കു നേതൃത്വം നൽകിയ സ്വാൽവെൽ എക്‌സിൽ കുറിച്ചു.
പഴയ അന്വേഷണ വിവരങ്ങൾ പുറത്തു വിടണമെന്ന പട്ടേലിന്റെ നിർദേശം എഫ് ബി ഐക്കുള്ളിൽ എതിർപ്പുണ്ടാക്കി എന്നാണു റിപ്പോർട്ടിൽ പറയുന്നത്.
Kash Patel tries to revive closed case against Dem leader