
ഓശാന ഞായർ തിരുനാൾ വേളയിൽ, വത്തിക്കാൻ ചത്വരത്തിൽ നടന്ന വിശുദ്ധ ബലിക്കും കർമ്മങ്ങൾക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മുഖ്യകാർമ്മികത്വം വഹിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. നാല്പത്തിനായിരത്തോളം വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. സന്ദേശത്തിന്റെ മലയാള പരിഭാഷ.
പ്രിയ സഹോദരന്മാരെ, സഹോദരിമാരെ
യേശു കുരിശിന്റെ പാതയിലൂടെ നടക്കുമ്പോൾ, അവനു പിന്നിൽ അണിനിരന്നുകൊണ്ട്, നമുക്ക് അവന്റെ കാൽപ്പാടുകൾ പിന്തുടരാം. അവനോടൊപ്പം നടക്കുമ്പോൾ, മാനവകുലത്തിനുവേണ്ടിയുള്ള അവന്റെ സഹനം, മുറിയപ്പെടുന്ന അവന്റെ ഹൃദയം, സ്നേഹത്തിന്റെ ദാനമായി നമുക്ക് നൽകുന്ന അവന്റെ ജീവൻ എന്നിവയെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.
യേശുവിന്റെ ചുറ്റും, യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ, സമാധാനത്തിന്റെ രാജാവായി നമുക്ക് വെളിപ്പെടുത്തുന്ന യേശുവിനെ നമുക്ക് നോക്കാം. മറ്റുള്ളവർ അക്രമത്തിൽ പ്രക്ഷുബ്ധരായി നിലകൊള്ളുമ്പോൾ, അവൻ ഉറച്ചുനിൽക്കുന്നത് സൗമ്യതയിലാണ്. മറ്റുള്ളവർ വാളുകളും വടികളും കൈവശം വയ്ക്കുമ്പോൾ മനുഷ്യരാശിയെ തലോടുന്നതിനായി അവൻ സ്വയം സമർപ്പിക്കുന്നു. അന്ധകാരം ഭൂമിയെ മൂടുന്ന അവസരത്തിൽ, അവൻ ലോകത്തിന്റെ പ്രകാശമാണ്. അവനെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള പദ്ധതി നടപ്പിലാക്കുമ്പോൾ, ജീവൻ നൽകുവാൻ അവൻ കടന്നെത്തുന്നു.
സമാധാനത്തിന്റെ രാജാവെന്ന നിലയിൽ, പിതാവിന്റെ ആലിംഗനത്തിൽ ലോകത്തെ അനുരഞ്ജിപ്പിക്കാനും, ദൈവത്തിൽ നിന്നും നമ്മുടെ അയൽക്കാരിൽ നിന്നും നമ്മെ വേർപെടുത്തുന്ന എല്ലാ മതിലുകളും തകർക്കാനും യേശു ആഗ്രഹിക്കുന്നു, കാരണം "അവൻ നമ്മുടെ സമാധാനമാണ്" (എഫേ 2:14).
സമാധാനത്തിന്റെ രാജാവെന്ന നിലയിൽ, മിശിഹായുടെ വരവിൽ സന്തോഷിക്കാൻ നമ്മെ ക്ഷണിക്കുന്ന പഴയനിയമ പ്രവചനം നിറവേറ്റിക്കൊണ്ട്, കുതിരയുടെയല്ല, കഴുതയുടെ പുറത്തു കയറിക്കൊണ്ട്, അവൻ ജറുസലേമിൽ പ്രവേശിക്കുന്നു, "ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു.ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്‌ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജനതകള്‍ക്കു സമാധാനമരുളും." (സക്ക 9, 9-10)
സമാധാനത്തിന്റെ രാജാവെന്ന നിലയിൽ, തന്റെ ശിഷ്യന്മാരിൽ ഒരാൾ, തന്നെ പ്രതിരോധിക്കാൻ, വാൾ പുറത്തെടുക്കുകയും മഹാപുരോഹിതന്റെ ദാസനെ വെട്ടുകയും ചെയ്യുമ്പോൾ, യേശു ഉടനെ അവനെ തടയുന്നു: "വാൾ ഉറയിലിടുക; വാളെടുക്കുന്നവൻ വാളാൽ നശിക്കും." (മത്തായി 26,52)
സമാധാനത്തിന്റെ രാജാവെന്ന നിലയിൽ, അവൻ നമ്മുടെ കഷ്ടപ്പാടുകളുടെ ഭാരം ചുമക്കുകയും, നമ്മുടെ കുറ്റങ്ങൾക്കുവേണ്ടി മുറിവേൽക്കുകയും ചെയ്യുമ്പോൾ, "അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു." (ഏശയ്യാ 53 : 7). അവൻ ആയുധം വഹിച്ചില്ല, സ്വയം പ്രതിരോധിച്ചില്ല, ഒരു യുദ്ധവും നടത്തിയതുമില്ല.
എല്ലായ്പ്പോഴും അക്രമത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൗമ്യമായ മുഖം യേശു വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനുപകരം കുരിശിൽ ആണിയാൽ തറയ്ക്കപ്പെടാനും, മാനവികതയുടെ ചരിത്രത്തിലെ എല്ലാ സമയത്തും, എല്ലാ ഇടങ്ങളിലും ഉയരുന്ന എല്ലാ കുരിശുകളെയും ആലിംഗനം ചെയ്യാനും അദ്ദേഹം സ്വയം വിട്ടുകൊടുത്തു.
സഹോദരീ സഹോദരന്മാരേ, ഇതാണ് നമ്മുടെ ദൈവം: സമാധാനത്തിന്റെ രാജാവായ യേശു. യുദ്ധത്തെ നിരാകരിക്കുകയും, യുദ്ധത്തെ ന്യായീകരിക്കുവാൻ അനുവദിക്കാത്തതും, യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന കേൾക്കാതെ അതിനെ നിരസിക്കുകയും ചെയ്യുന്ന ഒരു ദൈവം. "നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്."(ഏശയ്യാ 1 : 15)
നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനെ നോക്കുമ്പോൾ, ക്രൂശിക്കപ്പെടുന്ന മാനവരാശിയെ നാം കാണുന്നു. അവന്റെ മുറിവുകളിൽ ഇന്ന് നിരവധി ആളുകളുടെ മുറിവുകൾ നാം കാണുന്നു. പിതാവിനെ നോക്കിയുള്ള അവന്റെ അവസാന നിലവിളിയിൽ, നിരാശരായവരുടെയും പ്രതീക്ഷയില്ലാത്തവരുടെയും രോഗികളുടെയും ഏകാന്തത അനുഭവിക്കുന്നവരുടെയും നിലവിളി നാം കേൾക്കുന്നു. എല്ലാറ്റിനുമുപരിയായി, അക്രമത്താൽ അടിച്ചമർത്തപ്പെട്ടവരുടെയും, യുദ്ധത്തിന്റെ ഇരകളായ എല്ലാവരുടെയും വേദനയുടെ വിങ്ങലുകൾ നാം കേൾക്കുന്നു.
സമാധാനത്തിന്റെ രാജാവായ ക്രിസ്തു ഇപ്പോഴും തന്റെ കുരിശിൽ നിന്ന് നിലവിളിക്കുന്നു: ദൈവം സ്നേഹമാണ്! കരുണ കാണിക്കൂ! ആയുധങ്ങൾ താഴെ വയ്ക്കുക, നിങ്ങൾ സഹോദരങ്ങളാണെന്ന് ഓർക്കുക!
ദൈവദാസനായ തോണിനോ ബെല്ലോ എന്ന മെത്രാന്റെ വാക്കുകളോട് ചേർത്ത്, ഈ നിലവിളി പരിശുദ്ധ മറിയത്തിനു സമർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ പുത്രന്റെ കുരിശിനു താഴെ നിലയുറപ്പിച്ച മറിയം, ഇന്നത്തെ കുരിശുകളുടെയും കാൽക്കൽ കണ്ണീർ പൊഴിക്കുന്നു.
"മൂന്നാം ദിനത്തിന്റെ സ്ത്രീയായ പരിശുദ്ധ മറിയമേ, എല്ലാം ഉണ്ടായിരുന്നിട്ടും, മരണം ഇനി ഞങ്ങളെ സ്വാധീനിക്കുകയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകുക. ജനതയുടെ അനീതികൾക്ക് അവയുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. യുദ്ധങ്ങളുടെ മിന്നലുകൾ സന്ധ്യാ വെളിച്ചങ്ങളായി ചുരുങ്ങുകയാണെന്നും, പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുന്നുവെന്നും, ഒടുവിൽ, വസന്തസൂര്യനിൽ നിന്നുള്ള മഞ്ഞുവീഴ്ച പോലെ, അക്രമത്തിനും വേദനയ്ക്കും ഇരകളായ എല്ലാ ഇരകളുടെയും കണ്ണുനീർ ഉടൻ ഉണങ്ങുമെന്നും നീ ഞങ്ങൾക്ക് ഉറപ്പുനൽകുക."