
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുകയും കരയുദ്ധത്തിലേക്ക് ഉൾപ്പെടെ കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്തർവാഹിനി കമ്മ്യൂണിക്കേഷൻ കേബിളുകൾ ലക്ഷ്യമിട്ട് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതർ കേബിളുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ കേബിളുകൾ വിച്ഛേദിക്കപ്പെട്ടാൽ ആഗോള ഇൻ്റർനെറ്റ് ശൃംഖലയെ ആകെ ബാധിച്ചേക്കാം.
യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഇൻ്റർനെറ്റ് കേബിളുകളുടെ പ്രധാന പാതയാണ് ചെങ്കടൽ. ഏകദേശം 17-ഓളം പ്രധാന കേബിളുകൾ ഈ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കുന്നത് തുടർന്നാൽ ഇൻ്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കുമെന്ന് ഹൂതികൾ സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കിന്റെ സിംഹഭാഗവും (ഏകദേശം 60% മുതൽ 90% വരെ) പശ്ചിമേഷ്യൻ വഴിയുള്ള കേബിളുകളെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ ഇന്ത്യക്കും ഇത് കനത്ത തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.
2025 സെപ്റ്റംബറിൽ ചെങ്കടലിൽ കപ്പലിൻ്റെ നങ്കൂരം തട്ടി കേബിളുകൾ മുറിഞ്ഞപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇൻ്റർനെറ്റ് വേഗത കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആസൂത്രിതമായ ഒരു നീക്കം നടന്നാൽ അത് പൂർണ്ണമായ ഡിജിറ്റൽ ബ്ലാക്ക്ഔട്ടിന് കാരണമായേക്കാം. പ്രധാന കേബിളുകൾ (ഉദാഹരണത്തിന് SEA-ME-WE 5, AAE-1) വിച്ഛേദിക്കപ്പെട്ടാൽ ഇന്ത്യയിലെ ഇൻ്റർനെറ്റ് വേഗത പകുതിയിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്