
ഇറാന്റെ എണ്ണ എടുക്കാൻ ആലോചനയുണ്ടെന്നു പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു. അതിനു വേണ്ടി ഇറാൻറെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖർഗ് ദ്വീപ് പിടിച്ചെടുക്കുന്ന കാര്യവും പരിഗണിക്കും.
ഇറാനുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക് അടുത്തുവെന്നും 'ഫിനാൻഷ്യൽ ടൈംസ്' പത്രത്തോട് അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതി തകർക്കുക, ഭരണമാറ്റം ഉണ്ടാക്കുക എന്നിവയൊക്കെ പ്രധാനലക്ഷ്യങ്ങളായി പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച യുദ്ധം ആ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല എന്ന വസ്തുത ബാക്കി നിൽക്കെയാണ് എണ്ണയിൽ കണ്ണുണ്ടെന്ന കാര്യം യുഎസ് പ്രസിഡന്റ് തുറന്നടിക്കുന്നത്. അയലത്തു ലോകത്തെ ഒന്നാം നമ്പർ എണ്ണ കയറ്റുമതിക്കാരായ വെനസ്വേലയുടെ പ്രസിഡന്റിനെ പിടികൂടി യുഎസ് ജയിലിൽ അടച്ച ശേഷം അവരുടെ എണ്ണ സ്വന്തമാക്കിയെന്നു പ്രഖ്യാപിച്ച രീതിയിലാണ് ട്രംപ് ഇറാൻ എണ്ണയുടെ കാര്യം പറയുന്നത്.
അതേ ലാഘവത്തോടെ തന്നെയാണ് ഖർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും പറയുന്നത്. "എന്തിനാണ് അതിനൊക്കെ പോകുന്നതെന്ന് അമേരിക്കയിൽ ചില വിഡ്ഢികൾ ചോദിക്കുന്നുണ്ട്. അവർ വിഡ്ഢികളാണ്."
ഖർഗ് പിടിക്കാൻ യുഎസ് സേനയ്ക്ക് അവിടെ കുറേക്കാലം കഴിയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
ചർച്ചയിൽ ഒത്തുതീർപ് ഉണ്ടായില്ലെങ്കിൽ യുഎസ് ഇറാന്റെ പവർ പ്ലാന്റുകളും എണ്ണക്കിണറുകളും അടിച്ചു തകർക്കും. ഖർഗ് പിടിച്ചെടുക്കുകയും ചെയ്യും. "3,000 ലക്ഷ്യങ്ങൾ ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട്."
അമേരിക്കയുടെ യുഎസ്എസ് ട്രിപ്പളി എന്ന വിമാനവാഹിനി കപ്പലിൽ ഞായറാഴ്ച്ച 3,500 മറീനുകൾ മിഡിൽ ഈസ്റ്റിൽ എത്തി. ഹോർമുസ് നിയന്ത്രണം ഏറ്റെടുക്കുക, ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുക ഇവയൊക്കെയാണ് അവരുടെ ദൗത്യം.
Trump says will seize Iran's oil