
മിൽവോക്കി കൗണ്ടിയിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പാർട്ടി സെക്രട്ടറി പൂർണിമ നാഥ് പാർട്ടിയിൽ പ്രസിഡന്റ് ട്രംപിനോടു ചേർന്നു നിൽക്കുന്ന തീവ്ര വലതുപക്ഷ മാഗാ ഗ്രൂപ്പിന്റെ നയങ്ങൾക്കെതിരെ കടുത്ത വിമർശനം അഴിച്ചു വിട്ടു. വിസ്കോൺസിനിൽ ഡിസ്‌ട്രിക്‌ട് 4ൽ നിന്നു കോൺഗ്രസിലേക്കു മത്സരിക്കുന്ന നേരത്താണ് നാഥിനെ പുറത്താക്കിയത്.
കുടിയേറ്റക്കാരിയായ താൻ 'അമേരിക്കൻ കഥയുടെ' ഭാഗം തന്നെയാണെന്നു നാഥ് പറഞ്ഞു. ഈയാഴ്ച്ച നടന്ന പാർട്ടി സമ്മേളനത്തിൽ അവർ മാഗാ നയങ്ങളെ വിമർശിച്ചു.
"ഞാൻ റിപ്പബ്ലിക്കാനാണ് എന്നതിൽ അഭിമാനം കൊള്ളുന്നു. എന്നാൽ മാഗാ വിഭാഗം ആഗ്രഹിക്കുന്നതു പോലെ ആവാൻ എനിക്കാവില്ല. തെറ്റായ തീരുമാനങ്ങളിലൂടെ അമേരിക്കയെ അപകടത്തിലാക്കുന്ന നയങ്ങളെ ഞാൻ എതിർക്കുന്നു. ആഭ്യന്തര മുൻഗണനകൾ മറക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കയും യുദ്ധവും ആക്രമണവും ഭീഷണിയും ശീലമാക്കുകയും ആഗോള വേദികളിൽ ആദരം നഷ്ടപ്പെടുകയും ചെയ്യുന്ന നയങ്ങളെ ഞാൻ എതിർക്കുന്നു."
മാഗാ സംഘത്തോടായി നാഥ് പറഞ്ഞു: "ഞാൻ ഹിന്ദുവാണ്, ക്രിസ്ത്യൻ അല്ല, ബ്രൗൺ ആണ്, വെള്ളക്കാരിയല്ല. കറുത്ത വർഗക്കാരിയുമല്ല. ഞാൻ നിയമം പാലിച്ചു കടന്നുവന്ന കുടിയേറ്റക്കാരിയാണ്, ആക്രമണകാരിയല്ല.
"എന്നെപ്പോലുള്ളവർ ഇവിടെ ജോലികൾ തട്ടിയെടുക്കാൻ വന്നവരല്ല. ഞങ്ങൾ ജോലി ചെയ്യുന്നു, രാജ്യത്തിനു സംഭാവനകൾ നൽകുന്നു, എല്ലാ ദിവസവും അമേരിക്കയെ ശക്തമാക്കുന്നു. ഞങ്ങൾ അമേരിക്കൻ കഥയുടെ ഭാഗമാണ്.
"എന്നിട്ടും പാർട്ടിക്കുള്ളിൽ ഉള്ള ചിലർ പോലും ഞങ്ങളോട് ഇന്ത്യയിലേക്കു തിരിച്ചു പോകാൻ പറയുന്നു."
'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിന്റെ അർഥമെന്താണെന്നു നാഥ് ചോദിച്ചു. "കരുത്തിനെ കുറിച്ചാണോ? അതോ ഒഴിവാക്കലിനെ കുറിച്ചോ? നേതൃത്വത്തെ കുറിച്ചാണോ? അതോ മറ്റുള്ളവരെ താഴ്ത്തി മേധാവിത്വം കൈയ്യടക്കാനോ?"
Expelled Purnima Nath asserts immigrant identity