
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഏപ്രിൽ 23-ന് നടക്കാനിരിക്കുന്ന പോരാട്ടത്തിനായി ഇരുവരും തിങ്കളാഴ്ചയാണ് പത്രിക നൽകിയത്. 2011 മുതൽ തുടർച്ചയായി മൂന്ന് തവണ തന്നെ വിജയിപ്പിച്ച കൊളത്തൂർ മണ്ഡലത്തിൽ തന്നെയാണ് ഇത്തവണയും എം.കെ. സ്റ്റാലിൻ ജനവിധി തേടുന്നത്.
പത്രികാ സമർപ്പണത്തിന് പിന്നാലെ കൊളത്തൂരിൽ വൻ റോഡ് ഷോ നടത്തിയ സ്റ്റാലിൻ, മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുസ്തകവും പുറത്തിറക്കി. ഇത്തവണത്തെ വിജയം കഴിഞ്ഞ മൂന്ന് തവണത്തേക്കാളും തിളക്കമുള്ളതായിരിക്കുമെന്നും തമിഴ്‌നാട് ഡൽഹിക്കെതിരെ നടത്തുന്ന പോരാട്ടമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഐക്യ പുരോഗമന സഖ്യത്തിന് ജനങ്ങൾക്കിടയിൽ വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.