
മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത ലീഗ് നേതാവിനെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്ക് എതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്കാണ് സി പി ബാവ ഹാജി വമ്പന്‍ സമ്മാനം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ മുന്നിലെത്തിക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ വിദേശയാത്രയായിരുന്നു വാഗ്ദാനം. ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനത്തിനുള്ള അവസരമൊരുക്കുമെന്നും ബാവ ഹാജി പറഞ്ഞിരുന്നു. തവനൂരില്‍ മുസ്‌ലിം ലീഗ് മല്‍സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് സി പി ബാവ ഹാജി.
പ്രവര്‍ത്തകരോടും നേതാക്കന്മാരോടും പറഞ്ഞ കാര്യമായതിനാല്‍ പെരുമാറ്റ ചട്ട ലംഘനമാകില്ലെന്നായിരുന്നു സി പി ബാവ ഹാജിയും യുഡിഎഫ് നേതാക്കന്മാരും പറഞ്ഞിരുന്നത്. വിഷയത്തില്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.