
യുഎസ്-ഇസ്രയേലി ആക്രമണത്തിൽ താറുമാറായ ഇറാനിൽ ഭരണമാറ്റം ഉണ്ടായിക്കഴിഞ്ഞെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. പുരോഹിത ഭരണകൂടം പുതുതായി നിയമിച്ച പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ഒളിവിലാണെന്നു സൂചിപ്പിച്ച ട്രംപ്, ആയത്തൊള്ള അലി ഖമേനായി നയിച്ചിരുന്ന നേതൃത്വം അപ്രത്യക്ഷമായെന്നു ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്റെ പ്രധാനപ്പെട്ട ആ ലക്‌ഷ്യം നേടിക്കഴിഞ്ഞെന്നു എയർ ഫോഴ്‌സ് വണ്ണിൽ പറക്കുമ്പോൾ അദ്ദേഹം പറഞ്ഞു. "ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു."
നിരന്തരമായ ആക്രമണങ്ങളിൽ ഇറാന്റെ സൈനിക-സിവിലിയൻ നേതൃത്വം ഇല്ലാതായതിനാലാണ് അവർ ചർച്ചയ്ക്കു എത്തിയതെന്ന് ട്രംപ് വിലയിരുത്തി. "ഒരു ധാരണ വൈകാതെ ഉണ്ടാവും എന്നാണ് എനിക്കു തോന്നുന്നത്."
നേരിട്ടും അല്ലാതെയും ചർച്ച നടക്കുന്നുണ്ട്. "ഡീൽ ഉണ്ടാവും എന്നാണ് ഞാൻ കാണുന്നത്. ഉണ്ടായില്ലെന്നും വരാം."
എന്നാൽ ഭരണമാറ്റം സാധ്യമായി. പഴയ നേതാക്കളെ മൊത്തം കൊന്നൊടുക്കി. പുതിയ ആളുകളും മരിച്ച മട്ടാണ്. “ഇപ്പോൾ മൂന്നാമതൊരു ഭരണകൂടവുമായി നമ്മൾ മുന്പൊരിക്കലൂം ഉണ്ടാവാത്ത രീതിയിലാണ് ചർച്ച നടത്തുന്നത്. തികച്ചും വ്യത്യസ്തരായ ആളുകൾ. വളരെ ന്യായമുള്ളവർ. അതാണ് ഭരണമാറ്റം എന്നു ഞാൻ പറഞ്ഞത്.”
Trump claims 'regime change' in Iran, says deal close