
റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വെള്ളിയാഴ്ച ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അമേരിക്കയുടെ അത്യാധുനിക നിരീക്ഷണ വിമാനമായ E-3 സെൻട്രി (AWACS) തകർന്നു . വിമാനം രണ്ട് കഷ്ണങ്ങളായി പിളർന്ന നിലയിലുള്ള ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി സ്ഥിരീകരിച്ചിട്ടുണ്ട്. 270 മില്യൺ ഡോളർ (ഏകദേശം 2250 കോടി രൂപ) വിലമതിക്കുന്നതാണ് ഈ വിമാനം.
ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വിമാനത്തിന്റെ പ്രധാന ഭാഗമായ റഡാർ ഡോമും ഫ്യൂസ്‌ലഗും പൂർണ്ണമായും തകർന്നു. ഇതോടൊപ്പം എയർ ബേസിലുണ്ടായിരുന്ന ഒന്നിലധികം ഇന്ധന വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഒരാഴ്ചയ്ക്കിടെ ഈ ബേസിനു നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.
അമേരിക്കൻ വ്യോമസേനയുടെ 'ആകാശത്തെ കണ്ണ്' എന്നറിയപ്പെടുന്ന E-3 സെൻട്രി 400 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രുനീക്കങ്ങൾ ഒരേസമയം നിരീക്ഷിക്കാനും യുദ്ധവിമാനങ്ങൾക്ക് നിർദ്ദേശം നൽകാനും ശേഷിയുള്ള വിമാനമാണ് . നിലവിൽ അമേരിക്കയുടെ പക്കൽ ഇത്തരം 16 വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായി ഉള്ളത്. ഇതിലൊന്ന് നഷ്ടപ്പെടുന്നത് മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ നിരീക്ഷണ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാകും.
റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ലഭിച്ച കൃത്യമായ സാറ്റലൈറ്റ് വിവരങ്ങൾ ഉപയോഗിച്ചാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്നാണ് സൂചന.
ഈ സംഭവത്തോടെ മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, തകർന്ന വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അമേരിക്കൻ വ്യോമസേനയുടെ കരുത്തായ E-3 സെൻട്രി തകർക്കപ്പെട്ടത് സാമ്പത്തിക നഷ്ടത്തേക്കാൾ യുദ്ധഭൂമിയിലെ അമേരിക്കയുടെ 'കാഴ്ച' തന്നെ ഇല്ലാതാക്കുന്ന ഒന്നാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.