Image

യു.എ.ഇ ക്ക് മുന്നറിയിപ്പുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

Published on 29 March, 2026
യു.എ.ഇ ക്ക് മുന്നറിയിപ്പുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം ചേർന്ന് യുദ്ധത്തിൽ പങ്കാളികളാകാനുള്ള യുഎഇയുടെ നീക്കം വലിയ അപകടമാണെന്ന് പ്രമുഖ അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ജെഫ്രി സാക്‌സ്. ഇറാനുമായുള്ള യുദ്ധത്തിൽ യുഎഇ നേരിട്ട് ഇടപെട്ടാൽ ദുബായ്, അബുദാബി തുടങ്ങിയ ലോകപ്രശസ്ത   നഗരങ്ങൾ ആക്രമണത്തിന് ഇരയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ദുബായിയും അബുദാബിയും സൈനിക കേന്ദ്രങ്ങളല്ല, മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമ്പന്നർ വിനോദത്തിനും നിക്ഷേപത്തിനുമായി എത്തുന്ന ഇടങ്ങളാണ്. ഒരു യുദ്ധമുണ്ടായാൽ ഈ നഗരങ്ങൾ മിസൈൽ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി മാറും. ഇത് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ഈ നഗരങ്ങളുടെ നിലനിൽപ്പിനെത്തുടന്നെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷയ്ക്കായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നതും ‘അബ്രഹാം കരാറിൽ’ ഒപ്പുവെച്ചതും ഗൾഫ് രാജ്യങ്ങൾ വരുത്തിയ വലിയ തെറ്റാണെന്ന് സാക്‌സ് അഭിപ്രായപ്പെട്ടു. അമേരിക്കയെ വിശ്വസിക്കുന്നതിന് പകരം സ്വന്തം സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം യുഎഇയെ ഉപദേശിച്ചത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി രൂപീകരിച്ച ബഹുരാഷ്ട്ര സൈനിക സഖ്യത്തിൽ ചേരാനുള്ള യുഎഇയുടെ തീരുമാനം അവരെ ഒരു ‘അസംബന്ധ കുഴപ്പത്തിൽ’ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം എ.എൻ.ഐയോട് (ANI) പറഞ്ഞു.

തങ്ങൾക്കെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ വിട്ടുനൽകുന്ന രാജ്യങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ സൈനിക താവളങ്ങൾ ഉള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇറാനിയൻ മിസൈലുകളുടെ ലക്ഷ്യപരിധിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഗൾഫ് മേഖലയിൽ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കുമെന്ന് യുഎഇ സഖ്യകക്ഷികളെ അറിയിച്ച പശ്ചാത്തലത്തിലാണ് ജെഫ്രി സാക്‌സിന്റെ ഈ രൂക്ഷമായ പ്രതികരണം വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക