Image

യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ഇന്ന് ഓശാന ഞായര്‍: പീഡാനുഭവ വാരത്തിന് തുടക്കമായി

Published on 29 March, 2026
യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച്  ഇന്ന് ഓശാന ഞായര്‍: പീഡാനുഭവ വാരത്തിന് തുടക്കമായി

യേശുക്രിസ്‌തുവിൻ്റെ ജറുസലേം പ്രവേശനത്തെ അനുസ്‌മരിച്ച് ലോകമെങ്ങുമുള്ള  ക്രൈസ്‌തവർ ഇന്ന്  ഭക്തിപൂർവ്വം ഓശാന ഞായർ ആചരിക്കുന്നു. വിശുദ്ധ വാരാചരണത്തിന് തുടക്കമിടുന്ന ഈ ദിനം ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണങ്ങളും നടന്നു .

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ   ഓശാനയുടെ പ്രത്യേക പ്രഭാത നമസ്‌കാരം, കുരുത്തോല വെഞ്ചരിപ്പ് , വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ നടന്നു.  

 വിവിധ ദേവാലയങ്ങളിൽ കുരുത്തോല തിരുനാളിലെ പ്രത്യേക പരിപാടികൾക്ക് സഭാ മേലധ്യക്ഷൻമാർ മുഖ്യകാർമികത്വം വഹിച്ചു. കൊച്ചിയില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കി.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആരംഭിച്ച ചടങ്ങുകളിൽ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായി. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകൾക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാര്‍മികനായി.

യേശു ക്രിസ്തു ജറുസലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയപ്പോള്‍  യഹൂദജനം   ഒലിവിലകളേന്തി   വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണ ദിനങ്ങളുള്ള പീഡാനുഭവ ആഴ്ചയ്ക്ക് ഇതോടെ തുടക്കമായി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക