Image

മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

Published on 29 March, 2026
മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. പുതിയ നിയമ ഭേദഗതി ക്രൈസ്തവ സമൂഹത്തെയും അവരുടെ സ്ഥാപനങ്ങളെയും നേരിട്ട് ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്മസ് വേളയിൽ കേക്കുമായി സൗഹൃദം സ്ഥാപിക്കാൻ ചെല്ലുകയും അതേസമയം തന്നെ ഇത്തരം നിയമങ്ങൾ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് സമാനമായ മറ്റൊരു നീക്കമാണിതെന്നും, ചെറിയ തോതിലുള്ള വിദേശ സഹായം കൈപ്പറ്റിയാൽ പോലും സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഈ വിചിത്ര ബില്ലിനെ കോൺഗ്രസ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബില്ലിലൂടെ മുസ്ലിം വിഭാഗത്തെയും എഫ്.സി.ആർ.എ വഴി ക്രൈസ്തവരെയും വേട്ടയാടുന്ന സർക്കാർ അടുത്തതായി സിഖ് സമൂഹത്തെ ലക്ഷ്യം വെക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സീറ്റ് കോഴ ആരോപണങ്ങളെയും അദ്ദേഹം ശക്തമായി തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആര് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും തന്റെ മടിയിൽ കനമില്ലാത്തതിനാൽ പേടിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ ബാർ ലൈസൻസ് അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടന്നുവെന്നും ഇതിൽ മുഖ്യമന്ത്രി മറുപടി പറയാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക