
ജീവിതത്തിൽ കടന്നുപോയ പ്രതിസന്ധികൾ വെളിപ്പെടുത്തിക്കൊണ്ടുള്ള കിച്ചു സുധിയുടെ വിഡിയോ വലിയ ചർച്ചയായിരുന്നു. പിന്നാലെ താൻ കടുത്ത സൈബർ ആക്രമണത്തിന് ഇരയാവുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ലെന്നും താൻ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകൾ വരുന്നത് എന്നുമാണ് രേണു വിഡിയോയിൽ പറയുന്നത്. കേൾക്കാവുന്നതിന്‍റെ അപ്പുറം കേട്ടു. സമ്മർദ്ദം താങ്ങാനാവാതെ താൻ ആത്മഹത്യ ചെയ്തേക്കുമെന്ന് രേണു സുധി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു വിഡിയോ പോസ്റ്റ് ചെയ്തത്.
“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി."
"ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.’’- രേണു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിച്ചു സുധി ചെറുപ്പം മുതലുള്ള തന്‍റെ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ച് വികാരാധീനനായായാണ് കിച്ചു സംസാരിച്ചത്. വിവാഹത്തിന് മുൻപ് രേണു അമ്മയ്ക്ക് തന്നോട് സ്നേഹമായിരുന്നെന്നും പിന്നീട് താൻ ഒറ്റപ്പെട്ടു പോയി എന്നുമാണ് കിച്ചു പറയുന്നത്.
2004 ലായിരുന്നു തന്‍റെ ജനനമെന്നും തന്‍റെ അമ്മയുടെ പേര് ശാലിനിയെന്നാണെന്നും കിച്ചു പറയുന്നു. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അടിയുമാണ് തനിക്ക് അന്നത്തെക്കാലത്തേക്കുറിച്ചുള്ള ഓർമ. തനിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ വേറൊരാളാടൊപ്പം പോയി. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. അതോടെ അച്ഛനുമായി അകന്നു. അച്ഛൻ അവരുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. പിന്നീട് അവരുമായും പിണങ്ങി. അവിടെയും പ്രശ്നങ്ങളായിരുന്നുവെന്നും പിന്നീട് അത് ഡിവോഴ്സായെന്നും കിച്ചു പറയുന്നു.
"ഇപ്പോഴത്തെ അമ്മയില്ലേ, രേണു സുധി. അവരെ ആദ്യം കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായിരുന്നു. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛൻ ചോദിച്ചു, ഞാൻ അവരെ കല്യാണം കഴിക്കട്ടെയെന്ന്, അച്ഛന് ഇഷ്ടമാണോ എന്നായിരുന്നു എന്‍റെ ചോദ്യം. കല്യാണ ശേഷം ഞങ്ങൾ മൂന്നാളും കൂടി കൊല്ലത്തായിരുന്നു താമസം. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി.

ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവം മാറി തുടങ്ങി. ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങി അതിൽ ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛൻ മാത്രം എന്‍റെ റൂമിലേക്ക് വരാറുള്ളു. ഭക്ഷണം തരും. ഇടക്ക് റിതപ്പൻ വരും.
അച്ഛന് നോ പറയാൻ അറിയില്ലായിരുന്നു. രേണു അമ്മയുടെ അച്ഛൻ, അമ്മ, ചേച്ചി, അളിയൻ അവരുടെ മക്കൾ എല്ലാവരുടെയും ചെലവ് നോക്കിയിരുന്നത് അച്ഛനായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടർ വിറ്റുകഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെയാണ് കൂട്ടുകാരെയൊക്കെ കാണാൻ പോയിത്തുടങ്ങിയത്.
ഇടക്ക് ഷൂട്ടിങ്ങിന് അച്ഛനും ഒരുമിച്ച് പോകുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അമ്മയ്ക്ക് അതും പ്രശ്നമായിരുന്നു. ഇതിനിടെ എപ്പോഴക്കയോ ചില ദുശീലങ്ങളിൽ പെട്ടു. പിന്നീട് ഞാൻ തന്നെ അതൊക്കെ വേണ്ടെന്നു വച്ചു. പഷേ ഇപ്പോഴും പലരും അങ്ങനെയൊരു കണ്ണിലൂടെയാണ് എന്നെ കാണുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം പറയാൻ എനിക്ക് അച്ഛനുണ്ടായിരുന്നു.
ഒരു ദിവസം അച്ഛൻ എന്നെ വിളിച്ചുപറഞ്ഞു, നാലു മണിയാകുമ്പോൾ എന്നെ വിളിക്കാൻ വരണമെന്ന്. പഷേ വെളുപ്പിനേ അമ്മയാണ് വിളിച്ചുണർത്തിയത്. അച്ഛന് എന്തോ പറ്റിയെന്നു പറഞ്ഞു. ഞാൻ അനൂപേട്ടനെയാണ് ആദ്യം വിളിച്ചത്, അച്ഛന് എന്തു പറ്റി അനൂപേട്ടാ എന്ന് ചോദിച്ചു. രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി എന്നു പറഞ്ഞ് അനൂപേട്ടൻ കോൾ കട്ട് ചെയ്തു.

എന്‍റെ ശരീരം മുഴുവനായി തണുത്തുപോയി. എന്തൊക്കെയാണ് നടക്കുന്നതെന്നൊന്നും അറിഞ്ഞില്ല. കൊല്ലത്തു കൊണ്ടുപോയി കാണിക്കണമെന്ന് ഞാനാണ് അനൂപേട്ടനോട് പറഞ്ഞത്. ഒന്നിനോടും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് അപ്പോൾ തുടങ്ങിയതാണ്. എല്ലാത്തിനോടും പേടിയായിരുന്നു.
ഒരു ദിവസം രാത്രി കൊല്ലത്തുള്ള വെല്യമ്മ വിളിച്ചപ്പോൾ ഞാൻ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുകയാണ്. അതുകണ്ട് വല്യമ്മക്ക് വിഷമമായി. നീ കൊല്ലത്തു വന്നു നിൽക്കാൻ വല്യമ്മയാണ് പറഞ്ഞത്. അങ്ങനെയാണ് കൊല്ലത്തേക്ക് പോവുന്നത്. കൊല്ലത്ത് എനിക്ക് മൂന്നു കൂട്ടുകാരുണ്ട്. മഞ്ഞുമ്മൽ ബോയ്സിലേതു പോലെ ഒരു കൈ തന്ന് എന്നെ പൊക്കിയെടുത്തത് അവരാണ്''.
കിച്ചു തുറന്നു പറഞ്ഞതോടെ രേണു സുധിക്കെതിരേ വിമർശനം രൂക്ഷമാവുകയായിരുന്നു.