
'എസ്ഡിപിഐ – എൽഡിഎഫ് ഡീൽ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. ചോദ്യങ്ങളിൽ അക്ഷമനായ മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിക്കുകയും എസ്ഡിപിഐക്കാരോട് പോയി ചോദിക്കാനും പറഞ്ഞു. വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയാണ് എന്നും കുറ്റപ്പെടുത്തി.
എസ്ഡിപിഐ ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്നാണ് കേള്‍ക്കുന്നത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് നുണകളെ ആശ്രയിക്കുകയാണ്. എല്ലാ ഘട്ടത്തിലും വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. എല്ലാ വർഗീയതയോടും ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.എസ്ഡിപിഐ വോട്ടുകളെ സംബന്ധിച്ച് പാർട്ടി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമാണല്ലോ എന്ന ചോദ്യത്തോട് ‘മാധ്യമങ്ങൾക്ക് സ്വന്തമായ ഒരു ധാരണയുണ്ട് എന്നും യുഡിഎഫിനെപ്പോലെ വർഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാൻ സിപിഐഎമ്മിനെ കിട്ടില്ല’ എന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി മറുപടി നൽകി.
‘കോൺഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നാട്ടുകാർ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം’ എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾക്ക് ‘തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങൾ വിലയിരുത്തിയാൽ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താൻ ഇന്നലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു.